1991 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ തിരഞ്ഞെടുപ്പു മുതല്‍ കേരളത്തില്‍ നിന്നും ഒരു എം പി എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ബി ജെ പി പ്രവര്‍ത്തിക്കുന്നത്. അതിനായി തുടരെ തുടരെ ഒ രാജഗോപാലിനെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ഓരോ തിരഞ്ഞെടുപ്പിലും വോട്ടു വിഹിതം വര്‍ധിച്ചതല്ലാതെ രാജഗോപാല്‍ തിരുവനന്തപുരത്ത് നിന്ന് പാര്ലമെന്റിലെത്തിയില്ല.
ഇപ്പോഴാകട്ടെ കേരളത്തിലെ ബി ജെ പിയെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരം ഒരു ‘ ഹോപ് ലെസ്സ് ‘ മണ്ഡലമാണ്. കുറഞ്ഞ പക്ഷം ശശി തരൂര്‍ മല്‍സരിക്കുന്ന കാലത്തോളമെങ്കിലും അത് അങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും. പഴയ രാജഗോപാലിന്റെ റോളിൽ ഇപ്പോള്‍ സുരേഷ് ഗോപിയാണ്. തിരുവനന്തപുരം മാറി മണ്ഡലം തൃശൂര്‍ ആയെന്ന് മാത്രം. ഒ രാജഗോപാലിനെക്കാള്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായാണ് സുരേഷ് ഗോപി എണ്ണപ്പെടുന്നത്. ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അഖിലേന്ത്യാ നേതൃത്വം തങ്ങളുടെ കേരളാ പ്രതീക്ഷകള്‍ മുഴുവന്‍ കൂട്ടിവച്ചിരിക്കുന്നതും തൃശൂരില്‍ തന്നെയാണ്. ഏതാണ്ട് 65 ശതമാനം ഹിന്ദുവോട്ടുകള്‍ ഉള്ള ലോക്സഭാ മണ്ഡലമാണ് തൃശൂര്‍. അതിനോടൊപ്പം നിര്‍ണ്ണായകമായ ക്രൈസ്തവ വോട്ടുകള്‍ കൂറെയെങ്കിലും കിട്ടിക്കഴിഞ്ഞാല്‍ തൃശൂര്‍ കൈപ്പിടിയിലൊതുക്കാമെന്ന് തന്നെയാണ് ബി ജെ പി നേതൃത്വത്തിലെ തിരഞ്ഞെടുപ്പ് വിദഗ്ധരുടെ കണക്കു കൂട്ടല്‍.
എന്താണ് കേരളത്തില്‍ ബി ജെ പി നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം? ഇടതു വലതു മുന്നണികള്‍ കേരളാ രാഷ്ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനം മൂലമാണ് ബി ജെ പി ഇവിടെ ക്ളച്ച് പിടിക്കാന്‍ കഴിയാതെ പോകുന്നതെന്നാണ് ഒരു പ്രധാന നിഗമനം. ഇത് ഒരു പരിധിവരെയെ ശരിയാകുന്നുളളു. ബി ജെ പിയെ കേരളത്തില്‍ പിന്നോട്ടടുപ്പിക്കുന്ന രണ്ട് പ്രധാന ഘടങ്ങളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അവ ഇതൊക്കെയാണ്
ഒന്ന് : കേരളത്തിന്റെ ഡെമോഗ്രഫി
രണ്ട്: ജനപ്രിയ നേതൃത്വത്തിന്റ അഭാവം
കേരളത്തിന്റെ ഡെമോഗ്രഫി, അഥവാ ജനസംഖ്യാശാസ്ത്രം തന്നെയാണ് ബി ജെ പിക്ക് കേരളത്തില്‍ വളരാനുള്ള ഏറ്റവും വലിയ പ്രതിബന്ധം. 48 ശതമാനത്തിലധികം ന്യൂനപക്ഷങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ( മുസ്ലിം 27 ശതമാനം, ക്രിസ്ത്യന്‍ 20 ശതമാനം) ഏതാണ്ട് 115 നിയോജക മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരു ന്യൂനപക്ഷ സമുദായം അതായത് മുസ്ലിമോ ക്രിസ്ത്യാനിയോ നിര്‍ണ്ണാക സ്വാധീനം ചെലുത്തുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ നിയോജക മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരു ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണയില്ലാതെ ഒരു പാര്‍ട്ടിക്കും ജയിച്ചു കയറാന്‍ പറ്റില്ല എന്നര്‍ത്ഥം.
പൊതുവേ കണക്കാക്കും പോലെ ഹിന്ദുക്കള്‍ കേരളത്തില്‍ ഭൂരിപക്ഷ വിഭാഗമല്ല. പത്ത് ശതമാനത്തോളം വരുന്ന എസ് സി- എസ് ടി വിഭാഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഹിന്ദുക്കള്‍ ഏതാണ്ട് കഷ്ടിച്ച് 44 ശതമാനത്തിനടുത്തെ വരികയുള്ളു. ബി ജെ പി നേട്ടമുണ്ടാക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കള്‍ അറുപത്തഞ്ച് ശതമാനത്തിന് മുകളില്‍ ഉണ്ടെന്ന് കാര്യം മറക്കരുത്. അത് തന്നെയാണ് അവിടങ്ങളുടെ അവരുടെ തിരഞ്ഞെടുപ്പ് നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും. അതോടൊപ്പം തന്നെ ഇടതു വലതു മുന്നണികള്‍ക്ക് കേരള രാഷ്ട്രീയത്തിലുള്ള ശക്തമായ അടിത്തറ കൂടിയാകുമ്പോള്‍ നിയമസഭയിലായാലും പാര്‍ലമെന്റിലായാലും ഒരു സ്ഥാനാര്‍ത്ഥിയെ വിജയപ്പിച്ചെടുക്കുക എന്നത് ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഒരു ‘ ഹെര്‍ക്കുലിയന്‍ ടാസ്ക്’ ആണ്.
കേരളത്തില്‍ ബി ജെ പിക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു നേതാവും ഇതുവരെയുണ്ടായിട്ടില്ല. എന്നുവച്ചാല്‍ തമിഴ്നാട്ടിലെ അണ്ണാമലയെപ്പോലെ ഒരു നേതാവിനെ കണ്ടെത്താന്‍ ബി ജെ പിക്ക് കേരളത്തില്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നര്‍ത്ഥം. പഴയ രാജഗോപാല്‍ – രാമന്‍പിള്ള നേതൃത്വം ഗാന്ധിയിന്‍ ശൈലിയിലുള്ള നേതൃത്വമായിരുന്നു. അവര്‍ക്ക് ഒരിക്കലും ജനസാമാന്യത്തെ ബി ജെ പിയിലേക്കാകര്ഷിക്കാന് കഴിഞ്ഞിരുന്നില്ല. പിന്നീട് വന്ന നേതൃത്വങ്ങളുടെ കാര്യവും തഥൈവ. ഗ്രൂപ്പുപോരുകളും , തൊഴുത്തില്‍കുത്തും, വോട്ടുകച്ചവടത്തെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളും കേരളത്തിലെ ബി ജെ പി നേതൃത്വത്തെ എക്കാലവും വലച്ചിരുന്നു. മാത്രമല്ല ആര് എസ് എസ് നേതൃത്വത്തിന്റെ ആജ്ഞക്കപ്പുറംചലിക്കാന് കഴിയുന്ന അവസ്ഥയിലുമായിരുന്നില്ല ബി ജെ പി നേതൃത്വം.
ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കാര്യവും വ്യത്യസ്തമൊന്നുമല്ല. അഖിലേന്ത്യാ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വലിയ ഇമേജും, കേന്ദ്രത്തില്‍ അടുത്തകാലത്തൊന്നും ബി ജെ പിക്ക് അധികാരം നഷ്ടപ്പെടില്ലന്ന തോന്നലുമാണ് കേരളത്തില്‍ ബി ജെ പിയെ തലയുയര്‍ത്തി നില്ക്കാന് സഹായിക്കുന്നത്. എന്ന് വച്ചാല്‍ കേരളത്തില്‍ ഇപ്പോള്‍ ബി ജെ പിക്കുള്ള സ്വാധീനത്തിന്റെ ക്രെഡിറ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനല്ല മറിച്ച് സാക്ഷാല്‍ നരേന്ദ്രമോദിക്കു തന്നെയാണ്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 20 ശതമാനം വോട്ടുകള്‍ വരെകിട്ടിയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ വിദഗ്ധര്‍ക്കും ആ അഭിപ്രായ തന്നെയാണുള്ളത്. എന്നാല്‍ 20 ശതമാനം വോട്ടിന് സീറ്റുകള്‍ ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. ബി ജെ പി ഇതരവോട്ടുകളുടെ ഏകീകരണം നടന്നാല്‍ 20 ശതമാനം വോട്ടുകിട്ടിയാലും രണ്ടാം സ്ഥാനത്തെത്താന്‍ മാത്രമേ കഴിയുകയുള്ളു. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടു സമാഹരിക്കാന്‍ കഴിഞ്ഞാല്‍ 2-3 നിയമസഭാ സീറ്റുകള്‍ പിടിക്കാന്‍ പറ്റിയേക്കും.
ബി ജെ പിയെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ചിലയിടങ്ങളില്‍ ചില സാധ്യതകളുണ്ട് എന്ന് പറയാമെന്നല്ലാതെ ഈ തിരഞ്ഞെടുപ്പിലും സീറ്റ് ലഭിക്കുമോ എന്നുറപ്പിച്ച് പറയാന്‍ കഴിയില്ല. എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയം സാധ്യതകളുടെ കലയാണല്ലോ, അതാണ് ആ പാര്‍ട്ടിക്കുള്ള ഏക ആശ്വാസവും