പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിക്കെലെത്തി നില്ക്കുമ്പോള് കേരളത്തിലെ മൂന്ന് മുന്നണികളും നിര്‍ണ്ണായകമായ ഒരു പോരാട്ടത്തിന് കച്ച മുറുക്കുകയാണ്. എന്താണ് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത? കേരള രാഷ്ട്രീയം ഇനി ഏത് ദിശയിലേക്ക് നീങ്ങണമെന്ന് നിര്‍ണ്ണയിക്കുന്ന ഒരു ചരിത്ര ദശാസന്ധിയിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് തന്നെയാണ് ആ പ്രത്യേകത.
1952 മുതലുള്ള ചരിത്രം എടുത്ത് നോക്കുമ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും നേതൃത്വം നല്കുന്ന രണ്ടു പരമ്പരാഗത മുന്നണികളാണ് തെ രഞ്ഞെടുപ്പ് ഗോദയില്‍ ഏറ്റമുട്ടാറുള്ളത്. 2019 ല്‍ നടന്ന പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പുവരെ ആ രാഷ്ട്രീയ ബലാബലത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ തങ്ങളുടെ മിഷന് സൗത്ത് -24 ല്‍ കേരളത്തെക്കൂടി ഉള്‍പ്പെടുത്തിയതോടെ പരമ്പരാഗത രാഷ്ട്രീയ ചേരിയുടെ ചിത്രം മാറി. ഇടതു വലതു മുന്നണികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുക എന്ന മിനിമം പ്ളാനിനൊടൊപ്പം ബിജെപി സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയത്തിന് തടയിടാതിരിക്കുക എന്ന വലിയൊരു ‘ ടാസ്ക്’ കൂടി എടുക്കേണ്ടി വന്നിരിക്കുകയാണ്.
ബി ജെ പി 20 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാല്‍ തങ്ങളുടെ പരമ്പരാഗത മണ്ഡലങ്ങളില്‍ പലതും ഇളകുമെന്ന ഭീതി കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫിനുണ്ട്. തിരുവനന്തപുരം, തൃശൂര്‍ , കോഴിക്കോട്, മണ്ഡലങ്ങളില്‍ ബിജെ പി നേടുന്ന വോട്ടുകള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്തുമെന്ന ആശങ്കയാണവർക്ക്. 2019 ലെ ലഭിച്ച ‘ തൂത്തുവാരല്‍’ ( clean sweep) ഇത്തവണ ഉണ്ടാകില്ലന്ന് അവര്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെയാണ് ആലപ്പുഴ പോലുള്ള ഒരു മണ്ഡലത്തില്‍ കെ സി വേണുഗോപാല്‍ തന്നെ മല്‍സരിക്കണമെന്നും, രാഹൂല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മാറരുതെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ ലഭിച്ച 19 സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഇപ്പോള്‍ തന്നെ സമ്മതിക്കുന്നത്. തെക്കന്‍ മധ്യ കേരളം യു ഡിഎഫിന്റെ സുരക്ഷിതമായ കോട്ടയാണെന്ന് അവര്‍ വിശ്വസിക്കുമ്പോഴും വടക്കന്‍ കേരളത്തില്‍ എന്ത് സംഭവിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവചിക്കാനാകുന്നില്ല.
ഇടതുമുന്നണിയെ സംബന്ധിത്തിടത്തോളം 2019 ല്‍ യു ഡി എഫ് നേടിയ 19 സീറ്റുകളില്‍ നിന്നും എത്ര എണ്ണം പിടിച്ചാലും തങ്ങളുടെ രാഷ്ട്രീയ നേട്ടമായി അവര്‍ ഗണിക്കും. അതാണ് കോണ്‍ഗ്രസും യു ഡി എഫും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കുറയുക എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം അത് ആത്മഹത്യാപരമാണ്. ഇത്തവണ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചാലും 2019 ലേതുപോലുള്ള രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലന്നാണ് സിപിഎമ്മും ഇടതുമുന്നണിയും വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ മലബാര്‍ മേഖലയിലെ കാസര്‍കോട്, കണ്ണൂര്‍, ആലത്തൂര്‍, പാലക്കാട് എന്നീ നാല് സീറ്റുകളും, മധ്യകേരളത്തിലെ മാവേലിക്കര സീറ്റും അവര്‍ ഇപ്പോഴേ ഉറപ്പിച്ച മട്ടാണ്.
തൃശൂരില്‍ സുരേഷ് ഗോപി പിടിക്കുന്ന വോട്ടുകള്‍ ഇത്തവണ ടിഎന്‍ പ്രതാപിനെതിരെ വീഴുമെന്നും അവിടെ സിപിഐ സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍ ജയിക്കുമെന്നും ഇടതുമുന്നണി കണക്ക് കൂട്ടുന്നു. കോഴിക്കോട് സീറ്റും ആഞ്ഞുപിടിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുക്കാമെന്നാണ് സി പി എം കണക്കു കൂട്ടുന്നത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മല്‍സരിക്കുന്ന കോട്ടയം സീറ്റുകൂടി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഏതാണ്ട് 8 ലോക്സഭാ സീറ്റുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ എഴുതി ചേര്‍ക്കാന്‍ കഴിയുമെന്ന് ഇടതുമുന്നണിയും സി പി എമ്മും വിചാരിക്കുന്നു. ഈ സീറ്റുകളില്‍ ബിജെപി പിടിക്കുന്ന വോട്ടാണ്് ഇരുമുന്നണികളുടെയും വിജയ പ്രതീക്ഷകളെ നിര്‍ണ്ണയിക്കുന്നത് . പത്തനംതിട്ട പോലുള്ള സീറ്റില്‍ പോലും ഇടതുമുന്നണി പ്രതീക്ഷ വച്ചുപുലര്‍ത്തുന്നതും തോമസ് ഐസക്കിനെ പോലൊരാളെ അവിടെ സ്ഥാനാര്‍ത്ഥിയാക്കിയതും യു ഡി എഫ് വോട്ടുകള്‍ ബി ജെ പി വലിയ തോതില്‍ ചോര്‍ത്തും എന്നു പ്രതീക്ഷിച്ചുകൊണ്ടാണ്.
കോണ്‍ഗ്രസും യു ഡി എഫും വലിയ തോതില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് പിണറായി സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് അവര്‍ വിശ്വസിക്കുന്ന ഭരണ വിരുദ്ധ വികാരത്തെ തന്നെയാണ്. ഭരണ വിരുദ്ധ വികാരം വോട്ടായി മാറിയാല്‍ 15-17 സീറ്റുകള്‍ ഉറപ്പായും തങ്ങളുടെ കൈപ്പിടിയില്‍ ഇരിക്കുമെന്നാണ് അവര്‍ കരുതുന്നത്. അതേ സമയം കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരിന് 2024 ലിലും സാധ്യതയില്ലാ എന്ന വിലയിരുത്തല്‍ കേരളത്തിലെ ന്യുന പക്ഷ വിഭാഗങ്ങളെ എങ്ങിനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും എന്ന ഭയവും അവര്‍ക്ക് നന്നായുണ്ട്. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യവും, പിണറായിക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും,മാസപ്പടി അഴിമതിയാരോപണങ്ങളുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ തങ്ങളെ രാഷ്ട്രീയമായി സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസും യു ഡി എഫും.
കേരളത്തിലെ ബി ജെ പിയാകട്ടെ നരേന്ദ്രമോദിയുടെ പ്രതിഛായക്ക് ചുറ്റും വട്ടം കറങ്ങുക മാത്രമാണ് ചെയ്യുന്നത്. അതുമാത്രം മതി കേരളത്തില്‍ തങ്ങള്‍ക്ക് ഇരുമുന്നണികളൊടും പൊരുതാന്‍ എന്നാണ് ബി ജെ പി നേതൃത്വം പറയുന്നത്. തൃശൂര്‍ സീറ്റില്‍ സുരേഷ് ഗോപി നില്‍ക്കുന്നത് കൊണ്ട് സാധ്യതയുണ്ടെന്ന ഒറ്റ വാക്കില്‍ സംസ്ഥാനത്തെ ബി ജെ പിയുടെ മുതിര്‍്ന്ന നേതാക്കളെല്ലാം ആ പാര്‍ട്ടിയുടെ വിജയസാധ്യതയെ ഒതുക്കുകയും ചെയ്യുന്നു. മോദി പ്രഖ്യാപിച്ച മിഷന് സൗത്ത് 24 നെ ബി ജെ പി ഇതര പാര്‍ട്ടികള്‍ വലിയ ആശങ്കയോടെയാണ് കാണുന്നത് എന്നാല്‍ ബി ജെ പി യുടെ സംസ്ഥാന നേതൃത്വം അതിനെ അത്രക്കങ്ങ് കാര്യമായി എടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം ഒരു കാലത്ത് ബി ജെ പി ക്ക് വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന തിരുവനന്തപുരത്ത്് ഇപ്പോഴും അവരുടെ സ്ഥാനാര്‍ത്ഥിയാരെന്ന സൂചന നല്കാന് സംസ്ഥാന നേതൃത്വത്തിന്കഴിയുന്നില്ല. തൃശൂരിലെ സുരേഷ് ഗോപിയാണ് അവരുടെ ഏക തുറപ്പു ചീട്ട്. അതേ സമയം കേന്ദ്ര ബി ജെ പി നേതൃത്വമാകട്ടെ കേരളത്തെ തങ്ങളുടെ ‘ ഭാവി വാഗ്ദാന’മായിട്ടാണ്് പരിഗണിക്കുന്നതും.
മാര്‍ച്ച് ആദ്യവാരമോ രണ്ടാം വാരമോ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നുറപ്പാണ്. അതോടെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുകയും ചെയ്യും. ഏതായാലും ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ ഒരു ദിശാസൂചികയാകുമെന്നുറപ്പാണ്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചര്‍ച്ചകളിലേക്കുള്ള തുടക്കം കൂടിയാകുമത്.