കോഴിക്കോട്: കടുത്ത പോരാട്ടം നടക്കുന്ന വടകര ലോക്സഭ മണ്ഡലത്തിൽ നാല് ശൈലജമാരും മൂന്ന് ഷാഫിമാരും ഒരു മുരളീധരനും മത്സരരംഗത്ത്. 14 സ്ഥാനാർത്ഥികളാണ് വടകരയിൽ പത്രിക നൽകിയത്. പരമ്പരാഗത പ്രചാരണങ്ങൾക്കൊപ്പം റീലുകളിലൂടെ സോഷ്യൽ മീഡിയകളിൽ തരംഗമാണ് വടകര പോരാട്ടം.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കൊപ്പം മറ്റ് മൂന്ന് ശൈലജമാർ വോട്ടുതേടുന്നുണ്ട്. അതിലൊരാൾ ശൈലജ കെ.കെയുമാണ്. ശൈലജ.കെ, ശൈലജ .പി എന്നിവരാണ് മറ്റ് ശൈലജമാർ. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനൊപ്പം ഷാഫി ടി.പി, ഷാഫി എന്നീ രണ്ടു സ്വതന്ത്ര സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഷാഫി പറമ്പിലിന് വെല്ലുവിളിയുമായി വിമത സ്ഥാനാർത്ഥിയുമുണ്ട്. കോൺഗ്രസ് നരിപ്പറ്റ മണ്ഡലം മുൻ സെക്രട്ടറി അബ്ദുൾ റഹീമാണ് സ്വതന്ത്രനായി പത്രിക നൽകിയത്. കെ. മുരളീധരൻ തൃശൂരിലേക്ക് മാറിയെങ്കിലും സ്വതന്ത്രനായി മറ്റൊരു മുരളീധരൻ വടകരയിൽ അങ്കത്തിനിറങ്ങും. പ്രഫുൽ കൃഷ്ണനാണ് ബി.ജെ.പി സ്ഥാനാർത്ഥി.