എറണാകുളം പൊതുവേ യുഡിഎഫ് അനുകൂല ജില്ലയായിട്ടാണ് എക്കാലവും അറിയപ്പെടുന്നത്. സംസ്ഥാനമൊട്ടുക്കും ഇടതുമുന്നണി വലിയ വിജയം നേടുന്ന തെരഞ്ഞെടുപ്പുകളില്‍ പോലും എറണാകുളം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നെടുങ്കോട്ടയായാണ് നിലകൊണ്ടിട്ടുള്ളത്. സിപിഎമ്മിന് തുടര്‍ഭരണം ലഭിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പതിനാലില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളിലും വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെയായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച ജില്ലയെന്ന പ്രത്യേകതയും എറണാകുളത്തിന് അവകാശപ്പെട്ടതാണ്. 2001ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ 14ല്‍ 13 മണ്ഡലങ്ങളും നേടി കോണ്‍ഗ്രസും യുഡിഎഫും ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം വേരുകളുള്ള ജില്ലയും എറണാകുളമാണ്. സംസ്ഥാനത്തിന്റെ വ്യവസായ തലസ്ഥാനമെന്ന നിലയില്‍ ഈ ജില്ലക്കും കൊച്ചി നഗരത്തിനും കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ സവിശേഷമായ സ്ഥാനമാണുള്ളത്. എറണാകുളം ലോക്സഭാമണ്ഡലത്തിന്റെ ചരിത്രത്തില്‍ കേവലം മൂന്ന് സ്ഥാനാര്‍ത്ഥികളെ പാര്‍ലമെന്റിലേക്ക് ജയിപ്പിച്ചു വിടാനേ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുള്ളു. 1967ല്‍ വി വിശ്വനാഥമേനോന്, 1996ല്‍ സേവ്യര്‍ അറക്കല്‍, 1997ല്‍ അറക്കലിന്റെ മരണശേഷം നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഡോ. സെബാസ്റ്റ്യൻ പോള്‍, 2000ല്‍ ജോര്‍ജ്ജ് ഈഡന്റെ മരണത്തിന്ശേഷം നടന്ന ഉപതെരെഞ്ഞെടുപ്പിലും, 2004ലെ പൊതുതെരഞ്ഞെടുപ്പിലും സെബാസ്റ്റ്യന്‍ പോള്‍. ഇതില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ജയിച്ചത് 1967 ല്‍ വി വിശ്വനാഥമേനോന് മാത്രം.
പലപ്പോഴും എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥികളെ കണ്ടുപിടിക്കാൻ തന്നെ സിപിഎമ്മും ഇടതുമുന്നണിയും നന്നായി ബുദ്ധിമുട്ടാറുണ്ട്. ഇത്തവണയും സ്ഥിതിയില്‍ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിറോ മലബാര്‍ സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന പേരില്‍ ഡോ. ജോ ജോസഫിനെ അവതരിപ്പിച്ചു നാണം കെട്ടതിനെത്തുടര്ന്ന് സ്ഥാനാര്ത്ഥിയാരായാലും ചിഹ്നം അരിവാള്‍ ചുറ്റികയാകണമെന്നേ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നുള്ളു. അങ്ങനെ കഷ്ടപ്പെട്ട് തെരഞ്ഞ് അവസാനം കണ്ടെത്തിയതാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി കെ ജെ ഷൈന്‍ എന്ന അധ്യാപികയെ.
നിലവിലെ എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഹൈബി ഈഡന്റെ പിതാവ് ജോര്‍ജ്ജ് ഈഡനാണ് ആദ്യം എറണാകുളം മണ്ഡലത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടിയത്. 1999ല്‍. അന്നത്തെ കര്‍ദിനാളായിരുന്ന മാർ വര്‍ക്കി വിതയത്തിലിന്റെ അടുത്ത ബന്ധു മാണി വിതയത്തില്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥനെയാണ് സിപിഎം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 1,70000 വോട്ടുകള്‍ക്ക് ജോര്‍ജ്ജ് ഈഡന് ജയിച്ചു. എറണാകുളത്ത് നിന്ന് പാര്‍ലമെന്റിലേക്ക് പോകുന്നതിന് മുമ്പ് എട്ടു വര്‍ഷം ജോര്‍ജ്ജ് ഈഡന് എറണാകുളത്ത് നിന്നുള്ള നിയമസഭാംഗമായിരുന്നു. എംഎല്‍എ എന്ന നിലയിലും എം പി എന്ന നിലയിലും കേരളം കണ്ട ഏറ്റവും ജനപ്രിയ നേതാവായിരുന്നു ജോര്‍ജ്ജ് ഈഡന്. ആർക്കും എപ്പോഴും പ്രാപ്തനായിട്ടുള്ള നേതാവ്. കല്യാണവീട്ടില്‍ കലവറക്കാരനാവുകയും മരണവീട്ടില്‍ ചെന്നാല്‍ ഒപ്പീസ് ചൊല്ലാൻ കൂടുകയും ചെയ്യുന്ന അപൂര്‍വ്വം ചില രാഷ്ട്രീയക്കാരില്‍ ഒരാള്‍. അത് കൊണ്ട് തന്നെ ഒരോ തെരഞ്ഞെടുപ്പിലും അതു പാര്‍ലമെന്റിലേക്കായാലും നിയമസഭയിലേക്കായാലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം വര്‍ധിച്ചു കൊണ്ടേയിരുന്നു. പതിമൂന്ന് വര്‍ഷം മാത്രമേ ജനപ്രതിനിധിയായിരുന്നുള്ളൂ എങ്കിലും അദ്ദേഹം തുടങ്ങി വെച്ച വികസന പ്രവര്‍ത്തനങ്ങളാണ് കൊച്ചി നഗരത്തിന്റെ മുഖഛായ മാറ്റിയത്.
പിതാവിനെപ്പോലെ തന്നെയായിരുന്നു ഹൈബിയും. 2011 ല്‍ എറണാകുളത്ത് നിന്ന് ആദ്യം നിയമസഭയിലേക്കും പിന്നീട് 2019 ൽ അവിടെ നിന്നു ലോക്സഭയിലേക്കും. 2019ൽ ഹൈബിയെ നേരിടാൻ സിപിഎം നിയോഗിച്ചത് പാർട്ടിയുടെ ജില്ലയിലെ ഗ്ലാമർ താരം, ഇന്നത്തെ വ്യവസായമന്ത്രി പി രാജീവിനെയാണ്. രാജ്യസഭാംഗം എന്ന നിലയിൽ മികച്ച പ്രതിച്ഛായ നേടി രാജീവ് കാലാവധി പൂർത്തിയാക്കി തിളങ്ങി നിൽക്കുമ്പോഴാണ് ഹൈബിയോട് ഏറ്റുമുട്ടിയത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ എറണാകുളം ജില്ലക്കാരനായ യുവനേതാവ് എന്ന നിലയിൽ രാജീവിലൂടെ മികച്ച പ്രകടനം പ്രതീക്ഷിച്ച പാർട്ടിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ മികച്ച ഭൂരിപക്ഷം നേടി മറുപടി കൊടുത്തു ഹൈബി ഈഡൻ.
ഒരേ മണ്ഡലത്തില്‍ നിന്നും പിതാവും പുത്രനും നിയമസഭയിലും ലോക്സഭയിലും എത്തുക എന്നത് ഒരു റിക്കാര്‍ഡാണ്. എംഎല്‍എ ആയിരിക്കുമ്പോഴും പിന്നീട് എംപിയായപ്പോഴും ഹൈബി എറണാകുളത്ത് തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ മെട്രോ നഗരത്തിന് മുതല്‍ക്കൂട്ടാവുകയായിരുന്നു. എറണാകുളത്ത് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള യുവനേതാവാണ് ഹൈബി ഈഡന്. നഗരത്തിലേ കോളജുകളിലോ സ്കൂളുകളിലോ ഹൈബി ഇല്ലാത്ത ഒരു പരിപാടിയും 2011ന് ശേഷമുണ്ടായിട്ടില്ല. അങ്ങനെയുള്ള ഒരു ജനനേതാവിനെ നേരിടാന്‍ ഇടതുമുന്നണിക്കും സിപിഎമ്മിനും അത്ര എളപ്പമല്ലെന്ന് അവര്‍ക്ക് തന്നെ അറിയാം. പക്ഷെ തെരെഞ്ഞെടുപ്പല്ലേ മല്‍സരിക്കാതെ നിര്വ്വഹാമില്ലല്ലോ. അങ്ങനെയാണ് ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ നിന്നുതന്നെയുളള കോട്ടപ്പുറം രൂപതാംഗം കൂടിയായ ഷൈന്‍ ടീച്ചറെ കണ്ടെത്തി മല്‍സരിക്കാൻ ഇറക്കുന്നത്.
എന്തുകൊണ്ടാണ് എറണാകുളത്ത് ഇടതുമുന്നണിക്ക് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കാന്‍ കഴിയാത്തത് എന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നു വരുന്നുണ്ട്. 1967ല്‍ മാത്രമേ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എറണാകുളത്ത് പാർലമെന്റിലേക്ക് പോകാൻ കഴിഞ്ഞിട്ടുള്ളു. പീന്നീട് ജയിച്ച സേവ്യര്‍ അറക്കല്‍ നേരത്തെ കോണ്‍ഗ്രസ് എംപിയായിരുന്നു. സെബാസ്റ്റ്യന്‍ പോളാകട്ടെ ജനതാദള്‍ പശ്ചാത്തലമുള്ളയാളും. കേരളത്തില്‍ പാർട്ടി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിപിഎം എറ്റവുമധികം ബുദ്ധിമുട്ടുന്ന മണ്ഡലം എറണാകുളമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കൊച്ചി നഗരവും ആലുവ, കളമശേരി, കാക്കനാട് തുടങ്ങിയ വ്യവസായമേഖലകളും അടങ്ങുന്ന എറണാകുളം ലോക്സഭാ മണ്ഡലം ഇടത്തരക്കാർക്ക് പ്രാമുഖ്യമുള്ള മണ്ഡലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയായ പിറവം, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കാര്ഷികമേഖലയാണെങ്കിലും കേരളാ കോണ്‍ഗ്രസുകളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്. 1967ല്‍ സിപിഎം സപ്തകക്ഷി മുന്നണിയുണ്ടാക്കി മല്‍സരിച്ചപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിനെതിരെ എറണാകുളം ജില്ല നിലകൊണ്ടത്.
കേരളത്തിന്റെ വ്യവസായ തലസ്ഥാനമായിട്ടും സിപിഎമ്മിനും ഇടതുപക്ഷത്തിനും എറണാകുളത്ത് നിര്‍ണ്ണായക ശക്തിയാകാന്‍ കഴിയാത്തതിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ച നടന്നിട്ടുണ്ട്. അപ്പോഴൊക്കെ സഖാക്കൾ കണ്ടെത്തിയ ഉത്തരം ക്രൈസ്തവരിലേക്ക് പ്രത്യേകിച്ച് ലത്തീന്‍ വിഭാഗത്തിലേക്ക് കാര്യമായി കയറിച്ചെല്ലാന്‍ സിപിഎമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ്. കൂടും കൂറും മാറിയെത്തിയ കെ വി തോമസിന് ഇക്കാര്യത്തിൽ കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയും സിപിഎമ്മിന് തൽക്കാലമില്ല. കോണ്‍ഗ്രസിനുള്ളില്‍ അന്ത:ഛിദ്രങ്ങള്‍ ശക്തമാകുമ്പോള്‍ മാത്രമേ തങ്ങള്‍ക്ക് എറണാകുളം സീറ്റുപിടിക്കാന്‍ പറ്റുകയുള്ളുവെന്ന് സിപിഎം രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നു വച്ചാല്‍ ഇത്തവണയും വലിയ പ്രതീക്ഷയൊന്നും എറണാകുളത്ത് അവര്‍ വച്ചുപുലര്ത്തുന്നില്ലന്ന് ചുരുക്കം.