ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളുമായി സഖ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മന്മോഹന് സമല്‍. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1998 മുതൽ 2009 വരെ എൻഡിഎയുടെ ഭാഗമായിരുന്ന ബിജു ജനതാദൾ കഴിഞ്ഞ 15 വർഷമായി എൻഡിഎ സഖ്യത്തിനു പുറത്താണ്. വരുന്ന ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യത്തിൽ മത്സരിക്കാൻ ഇരു പാർട്ടികളുടെ നേതാക്കൻമാരുമായി ചർച്ച നടത്തിയെങ്കിലും സീറ്റ് ധാരണയിൽ എത്താനായില്ല. നരേന്ദ്രമോദി സർക്കാരിന് ശക്തി നൽകാൻ ബിജെപി ഒഡീഷയിലെ 21 ലോക്സഭാ സീറ്റുകളിലും 147 നിയമസഭാ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ഒഡീഷയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പും നടത്തുന്നത്.