കൊച്ചി: കേരളം മനോഹരമായ സ്ഥലമാണെന്നും അതുകൊണ്ടാണ് താനിവിടെ സ്ഥിരതാമസമാക്കിയതെന്നും മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ നല്ല ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. ആളുകൾ സൗഹാർദത്തോടെ ഇപെടുന്നവരും അങ്ങേയറ്റം മതേതരമായി ചിന്തിക്കുന്നവരുമാണ്. കൂടാതെ ഭാഷാപരമായ തടസ്സങ്ങളൊന്നുമില്ല. വിരമിച്ചതിന് ശേഷം താമസിക്കാൻ അനുയോജ്യമായ സ്ഥലമാണ് കേരളമെന്നും ലോക്നാഥ് ബെഹ്റ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
“കേരളത്തിൽ തുടരുന്നത് നല്ല തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. മാനവ വികസന സൂചികകളും ശിശുമരണ നിരക്ക്, ആരോഗ്യ പരിരക്ഷ, വൈദ്യുതി, ജലവിതരണം മുതലായ മറ്റ് മാനദണ്ഡങ്ങളും പരിശോധിച്ചാൽ കേരളം പാശ്ചാത്യ രാജ്യത്തിന് സമാനമാണ്. ഇത്രയും വികസിതമായ സംസ്ഥാനം ഞാൻ എന്തിന് ഉപേക്ഷിക്കണം? അതുകൊണ്ട് ഞാനിവിടെ സ്ഥിരതാമസമാക്കി”- ലോക്നാഥ് ബെഹ്റ പറഞ്ഞു. മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ ഇവിടെയുണ്ട്. നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്തും കേരളത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് താങ്കളേക്കാള്‍ സീനിയറായ പലരെയും പിന്തള്ളി ഡി.ജി.പിയായി നിയമിക്കാന്‍ എന്താണ് കാരണമെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നായിരുന്നു മറുപടി. 36 വർഷത്തെ സേവനത്തിൽ, എവിടെ നിയമിക്കപ്പെട്ടാലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എവിടെ പോസ്റ്റ് ചെയ്താലും ആത്മാർത്ഥമായി ജോലി ചെയ്യുന്നു. തന്നെ വിശ്വാസമുള്ളതുകൊണ്ടാവാം പിണറായി തന്നെ പോസ്റ്റ് ചെയ്തു, താൻ ജോലി ചെയ്തെന്നും ബെഹ്റ പറഞ്ഞു.
വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്താത്ത നേതാവാണ് നമ്മുടെ മുഖ്യമന്ത്രിയെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതും സംസ്ഥാനത്ത് വികസനം കൊണ്ടുവരുന്നതുമായ പദ്ധതികള്‍ക്ക് അദ്ദേഹം എപ്പോഴും യെസ് പറഞ്ഞിട്ടുണ്ട്. മെട്രോയുമായി ബന്ധപ്പെട്ട വികസന നിർദ്ദേശങ്ങളോട് അദ്ദേഹം ഒരിക്കലും പറ്റില്ലെന്ന് പറയാറില്ല. കാരണം അത് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാം. തങ്ങൾ രാഷ്ട്രീയത്തെക്കുറിച്ചല്ല, വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ആത്യന്തികമായി ഇതിന്റെ ഗുണം ജനങ്ങൾക്കാണെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഡൽഹിയിലെ ബി.ജെ.പി സർക്കാരുമായും താങ്കള്‍ക്ക് ബന്ധമുണ്ടെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ- “എന്നെ സംബന്ധിച്ചിടത്തോളം സർക്കാർ എന്നത് രാഷ്ട്രീയമല്ല. അതൊരു പരമാധികാര ശക്തിയും ഭരണഘടനാ സ്ഥാപനവുമാണ്. അത് കേന്ദ്രമായാലും സംസ്ഥാനമായാലും വികസനത്തിൽ ഇരുകൂട്ടർക്കും പ്രധാന പങ്കുണ്ട്. അതിനാൽ ഒരു നല്ല ബന്ധം നിലനിർത്തുന്നത് എല്ലാ ഉദ്യോഗസ്ഥർക്കും അത്യന്താപേക്ഷിതമാണ്. ഞാൻ ഒരു ബാലൻസ് സൂക്ഷിക്കുന്നു. ഞാൻ വർഷങ്ങളോളം ഡൽഹിയിൽ ഉണ്ടായിരുന്നു. നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഞാൻ രാഷ്ട്രീയക്കാരനല്ലെന്ന് ജനങ്ങൾക്കറിയാം”.
കെ.എം.ആര്.എല്ലിന്റെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയിലെ പദ്ധതികളെ കുറിച്ചും ലോക്നാഥ് ബെഹ്റ സംസാരിച്ചു. യാത്ര തടസ്സരഹിതമാക്കാൻ പദ്ധതിയിടുന്നു. ജനങ്ങള്‍ പൊതുഗതാഗത സംവിധാനത്തിലേക്ക് മാറുകയും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യം വരണം. കൂടാതെ യാത്രാ പാസുകൾ കഴിയുന്നത്ര ഡിജിറ്റൈസ് ചെയ്യാൻ ആഗ്രഹിക്കുന്നു, അതുവഴി ഒരാൾക്ക് പണമോ വാലറ്റോ പോലും എടുക്കാതെ നഗരത്തിൽ കറങ്ങാം. നഗരത്തിൽ യാത്ര ചെയ്യാനും ഷോപ്പിംഗ് നടത്താനും ഒരു മൊബൈൽ ഫോൺ മാത്രം മതിയാകും. ക്യു.ആര് കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് ആരംഭിച്ചെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.