ന്യൂഡല്‍ഹി : രാജ്യത്തെ ക്രിമിനൽ നിയമം പൊളിച്ചെഴുതുന്ന സുപ്രധാന ബില്ലുകൾക്ക് ലോക്സഭയിൽ അംഗീകാരം. ഭാരതീയ ന്യായ സംഹിത (2023), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023), ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് ലോക്സഭ പാസാക്കിയത്. പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരും സസ്പെൻഷനിലിരിക്കെയാണ് ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരമാകുന്ന നിർണായക നിയമഭേദഗതിക്ക് ലോക്സഭ അംഗീകാരം നൽകിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ അവതരിപ്പിച്ച ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമായി പുതിയ ബില്ലുകളായി ചൊവ്വാഴ്ച വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയുടെ പരിഗണനയ്ക്കുവെച്ചിരുന്നു. ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്സഭയില്‍ പാസാക്കിയെടുത്തത്. പുതിയ ഭേദഗതിയോടെ സിആര്‍പിസിയില്‍ ഒൻപതു പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്നില്‍ രണ്ട് പ്രതിപക്ഷ എംപിമാരും സസ്പെന്‍ഡ് ചെയ്യപ്പട്ടതിന് പിന്നാലെയാണ് അമിത് ഷാ ബില്ലുകള്‍ വീണ്ടും അവതരിപ്പിക്കുന്നത്. 543 അംഗ ലോക്സഭയില്‍ പ്രതിപക്ഷത്ത് 199 എംപിമാരാണുള്ളത്. ഇരുസഭകളിലും നിന്നായി 143 എംപിമാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ലോക്സഭയിലെ പ്രതിഷേധങ്ങള്‍ അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്.
ക്രിമിനല്‍ നിയമങ്ങളില്‍ സമൂലമാറ്റം ലക്ഷ്യമിട്ടുള്ള മൂന്ന് ബില്ലുകള്‍ കഴിഞ്ഞ ഓഗസ്റ്റ് 11-ന് അമിത് ഷാ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് 18-ന് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ട ബില്ലുകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് നവംബര്‍ പത്തിനായിരുന്നു. ബില്ലുകളില്‍ സുപ്രധാന ഭേദഗതികള്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.