ന്യൂഡല്‍ഹി : തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരായ പരാതിയില്‍ ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി നാളെ ആദ്യ യോഗം ചേരും. ആരോപണത്തില്‍ ബിജെപി പാര്‍ലമെന്റംഗവും പരാതിക്കാരനുമായ നിഷികാന്ത് ദുബെയുടേയും അഭിഭാഷകനായ ജയ് അനന്ത് ദെഹദ്രായിയുടേയും മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് യോഗം.
സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നല്കിയ പരാതിയില്‍ ദെഹദ്രായി പങ്കുവെച്ച രേഖകളെക്കുറിച്ച് ദുബെ സ്പീക്കര്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വിഷയം സ്പീക്കര്‍ ബിജെപി എംപി വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറിയിട്ടുണ്ട്. നിലവിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ടെന്ന് ദുബെ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മൊയ്ത്രയ്ക്കെതിരെ ആരോപണം. ബി ജെ പി എം പിയും വ്യവസായിയുമായ നിഷികാന്ത് ദുബെയില്‍ നിന്ന് മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കുകയായിരുന്നു.
ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ആരോപണത്തിന്റെ ആദ്യ ഘട്ടം മുതല്‍ മഹുവ മൊയ്ത്ര നിലപാടെടുത്തത്.