ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയെ കോൺഗ്രസ് രൂപീകരിച്ചു. പി ചിദംബരത്തെ കമ്മിറ്റി ചെയർമാനായും ടി.എസ് സിംഗ് ദേവിനെ കമ്മിറ്റി കൺവീനറായും നിയമിച്ചു. പ്രിയങ്ക ഗാന്ധി, ശശി തരൂർ, സിദ്ധരാമയ്യ, ജയറാം രമേഷ് എന്നിവരടങ്ങുന്ന 16 അംഗ സമിതിയാണ് രൂപീകരിച്ചത്. സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കും കോൺഗ്രസ് ഉടൻ കടക്കും. അതിനിടെ പ്രധാനമന്ത്രി മുഖത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ രൂപപ്പെട്ട ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യ നേതാക്കളുമായി ഉടൻ ചർച്ച നടത്തും. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നിതീഷ് കുമാറുമായി ഫോണിൽ സംസാരിച്ചിരുന്നു.