ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.എഐസിസി അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടരുമെങ്കിലും പ്രധാന ചുമതലകള്‍ കൈവശം വയ്ക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരില്‍ ചില മാറ്റങ്ങളുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നിര്‍ണ്ണായകമായ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ സംസ്ഥാനങ്ങളെ പ്രത്യേകം ശ്രദ്ധകൊടുത്തു കൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളായിരിക്കും ഇനി പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവുക.
കേരളം ഉള്‍പ്പെടെ 2026 ല്‍ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നേതൃത്വം വഹിക്കുന്ന ചില നേതാക്കളെ മാറ്റാനും നീക്കമുണ്ട്. കേരളത്തില്‍ നിലവിലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പകരം വേറൊരാളെ കണ്ടെത്താനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നത്. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന പദവി കെസി വേണുഗോപാല്‍ തുടര്‍ന്നു വഹിക്കുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന എഐസിസി പ്ളീനറി യോഗത്തിലാണ് കൂടുതല്‍ മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയുണ്ടാകു.എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പിസിസി അധ്യക്ഷന്മാര്ക്ക് മാറ്റമുണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അതിനെക്കാള്‍ വലിയ തലവേദനയുണ്ടാകുന്നത് പാര്‍ട്ടി ഭരണത്തിലുള്ള പ്രമുഖ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ ബിജെപി അട്ടിമറി നടത്തുമോ എന്നതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തങ്ങളുടെ ലക്ഷ്യം കര്‍ണ്ണാടകയാണെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വലിയ അസ്വസ്ഥതയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചിരിക്കുന്നത്. കര്‍ണ്ണാടകയിലെ ഭരണം നഷ്ടപ്പെടുകയെന്നാല്‍ പാര്‍ട്ടിയുടെ നട്ടെല്ലൊടിയുക എന്നാണര്‍ത്ഥം. എന്ത് വിലകൊടുത്തും കര്‍ണ്ണാടക ഭരണം പിടിച്ചു നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്ന നിലപാട്.
എല്ലാ സംസ്ഥാനങ്ങളിലും പുതിയ നേതൃത്വത്തെ അവരോധിക്കാനാണ് രാഹുല്‍ഗാന്ധി ആഗ്രഹിക്കുന്നത്. താരതമ്യേന ചെറുപ്പക്കാരായ നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കാനുള്ള നീക്കവുമുണ്ട്. യൂത്ത് കോണ്‍ഗ്രസ്, എന്‍എസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവയിലൊക്കെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്താനും പാര്‍ട്ടി നേതൃത്വം ഉദ്ദേശിക്കുന്നുണ്ട്. അടുത്ത എഐസിസി സമ്മേളനം വരെ മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടരട്ടെ എന്നും അതല്ല ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്ന മുറക്ക് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായങ്ങളുണ്ട്. മഹാരാഷ്ട്ര, ബീഹാര്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം ഇന്ത്യാ സഖ്യത്തെ കൂടുതല്‍ ശക്തമാക്കണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. ഇന്ത്യാ സഖ്യം മികച്ച പരീക്ഷണമായിരുന്നുവെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ഒരു ദേശീയ സഖ്യം രൂപീകരിക്കുമ്പോള്‍ അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകുമെന്നും അതാണ് ഇന്ത്യ സഖ്യത്തില്‍ കണ്ടതെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു. അതിനര്‍ത്ഥം ആ സഖ്യം പരാജമായിരുന്നുവെന്നല്ല,മറിച്ച് ബിജെപി വിരുദ്ധരെ എല്ലാം ആ സഖ്യത്തില്‍ അണിനിരത്താന്‍ കഴിയാഞ്ഞത് ഒരു പോരായ്മ മാത്രമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇന്ത്യാ സഖ്യം ഇതുപോലെ തുടരണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്, കെജ്രിവാളിനെപ്പോലൊരു നേതാവിനെ കൂടുതല്‍ മുന്നിലേക്ക് നിര്‍ത്തിക്കൊണ്ടുള്ള പോരാട്ടത്തിനാണ് ഇനി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യാ സഖ്യത്തിലുള്ള എല്ലാ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ആശയവിനിമയം നടത്തും.
എന്‍ഡിഎയില്‍ ഇല്ലാത്ത എല്ലാ പാര്‍ട്ടികളെയും ഒരുമിച്ച് ചേര്‍ത്ത് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ പ്രതിരോധമുയര്‍ത്തുക എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് ഇന്ത്യാ സഖ്യത്തെ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.ഏതായാലും ഈ സഖ്യം ഒരു പരാജയമായിരുന്നില്ല എന്ന വിശ്വാസമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. വരും കാലങ്ങളില്‍ ബിജെപി വിരുദ്ധരായ കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിലേക്ക് വരുമെന്ന വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.