ന്യൂഡൽഹി: പാർലമെൻ്റ് ഇന്നും സ്തംഭിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. പാർലമെന്റിലെ സുരക്ഷാ വീഴ്ചയും എം.പിമാരുടെ സസ്പെൻഷനും ഉയർത്തി ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനാണ് ഇൻഡ്യ മുന്നണിയുടെ നീക്കം. എന്നാൽ ഇരു വിഷയങ്ങളിലും പ്രതിപക്ഷ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
പാർലമെന്റില് ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ച രണ്ട് ദിവസം പിന്നീടുമ്പോഴും ഇരു സഭകളിലെയും പ്രതിപക്ഷ പ്രതിഷേധത്തിന് തെല്ലും അയവില്ല. സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിന് ലോക്സഭയിലെ 13 പ്രതിപക്ഷ എം.പിമാരെയും രാജ്യസഭയിലെ ഒരു പ്രതിപക്ഷ എം.പിയെയും ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഇനിയുള്ള സഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് ഈ 14 എംപിമാർക്കും വിലക്കുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രെയിനിനെ സസ്പെൻഡ് ചെയ്തത് കൂടാതെ അന്വേഷണം പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് രാജ്യസഭാ അധ്യക്ഷൻ.
എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കാതെ ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സുരക്ഷാ വീഴ്ച സംബന്ധിച്ച് ആഭ്യന്തരമന്ത്രി പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന അവതരിപ്പിക്കുക, സുരക്ഷാ വീഴ്ചയെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇൻഡ്യ മുന്നണി മുന്നോട്ട് വയ്ക്കുന്നത്.
ഇന്ന് സഭ നടപടികൾ ആരംഭിക്കുമ്പോൾ തന്നെ വിഷയം ഉയർത്തി പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിഷേധത്തിന് ഐക്യരൂപം കൊണ്ടുവരാൻ ആവശ്യമായ കൂടിയാലോചനകൾ ഇന്നും ഇരു സഭകളിലെയും ഇൻഡ്യ മുന്നണി നേതാക്കൾ നടത്തും. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാരിന് മാറ്റം വന്നിട്ടില്ല. ലോക്സഭാ സ്പീക്കർ വിശദീകരണം നൽകിയ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. ഒപ്പം സുരക്ഷാവീഴ്ചയെ സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലും സർക്കാറിന് പൂർണ തൃപ്തിയുണ്ട്. പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാൽ അത് സർക്കാരിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് പാർലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കാൻ ഇന്നും കാരണമാകുക.