ആലപ്പുഴ : നൂറനാട് പാലമേല്‍ പഞ്ചായത്തില്‍ കുന്നിടിച്ച് മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. നൂറുകണക്കിന് ആളുകള്‍ കൊല്ലം-പുനലൂര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയാണ്. പൊലീസ് റോഡിലൂടെ വലിച്ചിഴച്ചതായി സ്ത്രീകള്‍ ആരോപിച്ചു.
നാട്ടുകാര്‍ക്ക് പിന്തുണയുമായി മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാറും നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം തുടരുമെന്ന് എംഎല്‍എ അറിയിച്ചു. മണ്ണെടുപ്പിനെതിരെ പുലര്‍ച്ചെ നാലു മണി മുതല്‍ സ്ഥലത്ത് പ്രതിഷേധം നടന്നിരുന്നു. മണ്ണു കൊണ്ടുപോകാനെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധിച്ച 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദേശീയപാത നിര്‍മ്മാണത്തിനായി 120 ഏക്കറോളം കുന്നാണ് ഇടിച്ചു നിരത്തുന്നത്. മണ്ണെടുക്കുന്നതിന് മുകളിലായി രണ്ട് പഞ്ചായത്തുകളിലെ വെള്ളത്തിനുള്ള വാട്ടര്‍ ടാങ്കും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം കോടതിയെയും പൊലീസിനെയും അധികാരികളെയും പലവട്ടം അറിയിച്ചതാണ്. ടാങ്കിന് തൊട്ടടുത്തു വരെ മണ്ണെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും, മണ്ണെടുപ്പ് മൂലം തങ്ങളുടെ സ്വത്തിനും ജീവനും കടുത്ത ഭീഷണിയാണെന്നും നാട്ടുകാര്‍ പറയുന്നു.
പാലമേലിലെ മണ്ണെടുപ്പിനെതിരെ നേരത്തെ പഞ്ചായത്തും നാട്ടുകാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദേശീയപാത നിര്‍മ്മാണം തടയാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. മണ്ണെടുപ്പിന് കരാറുകാരന് പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. രാത്രിയും മണ്ണെടുക്കാന്‍ ജില്ലാ ഭരണകൂടവും അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതിരുന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച്, അപ്പീല്‍ വിധി പറയാനായി ഡിസംബര്‍ 22 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. വിഷയം നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ മുന്നിലും എത്തിച്ചിരുന്നു. എന്നാല്‍ ദേശീയപാത നിര്‍മ്മാണം തടയാനാകില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഒക്ടോബര്‍ 26 ന് അഞ്ഞൂറില്‍പ്പരം വരുന്ന പൊലീസ് സന്നാഹത്തോടുകൂടിയെത്തി മണ്ണെടുക്കാന്‍ നടത്തിയ നീക്കം രണ്ടായിരത്തോളം പേരെ പങ്കെടുപ്പിച്ച് സമരസമിതി പ്രതിരോധം തീര്‍ത്ത് പരാജയപ്പെടുത്തിയിരുന്നു.