വയനാട് : വാഹനങ്ങൾ തടയുന്നതിൽ മന്ത്രിമാരോട് കയർത്ത് പ്രദേശവാസികള്‍. മേപ്പാടിയിൽ നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ, എ.കെ. ശശീന്ദ്രൻ എന്നിവരോടാണ് പ്രദേശവാസികൾ കയർത്തത്. ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞുവെന്നാരോപിച്ചായിരുന്നു വാക്കേറ്റം. എന്നാൽ, ദുരന്ത മേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ കരസേന എത്തിക്കുന്നുണ്ട്’.
അതിനിടെ , മുണ്ടക്കൈ – ചൂരൽമല മേഖലയിൽ ശക്തമായ മഴ പെയ്തതോടെ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചൂരൽമലയിൽ ബെയ്ലി പാലം നിർമാണം പുരോഗമിക്കുകയാണ് . ചൂരൽമലയിൽനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ബെയ്ലി പാലത്തിന്റെ നിർമാണം നാളെ പൂർത്തിയാകുമെന്നാണ് സൈന്യം അറിയിക്കുന്നത്. ഇതോടെ മുണ്ടക്കൈയിൽ കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കും.