കൊൽക്കത്ത: പശ്ചിമബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഉജ്ജ്വല വിജയം. ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 30,391 ഗ്രാമ പഞ്ചായത്തുസീറ്റുകളിൽ തൃണമൂൽ വിജയിച്ചു. ആയിരത്തിലധികം ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. 8239 പഞ്ചായത്ത് സീറ്റുകൾ ജയിച്ചു.
ഇടതുമുന്നണി 2534 സീറ്റുകളിൽ അധികാരം പിടിച്ചെടുത്തു. അതിൽ സി.പി.എം മാത്രം 2000ലധികം പഞ്ചായത്തുകൾ നേടി. കോൺഗ്രസ് 2,158 ഇടത്ത് ജയിച്ചു. 2,612 പഞ്ചായത്ത് സമിതികളിലും തൃണമൂൽ വിജയിച്ചു. ന്യൂനപക്ഷമേഖലകളിൽ ഇടത് -കോൺഗ്രസ് സഖ്യത്തിന് നേട്ടമുണ്ടായി.വോട്ടെണ്ണലിന്റെ ആരംഭം മുതൽ തൃണമൂൽ കൃത്യമായ ആധിപത്യം നിലനിറുത്തിയിരുന്നു. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള ’ടെസ്റ്റ് ഡോസ്” ആയി കണക്കാക്കപ്പെടുന്ന തിരഞ്ഞെടുപ്പായതിനാൽ ഫലം തൃണമൂലിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഗ്രാമ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തില്‍ അധികം സീറ്റുകളും തൃണമൂല്‍ പിടിച്ചിരുന്നു.
തൃണമൂലിനെ അപേക്ഷിച്ച് ഒരുപാട് പിന്നിലാണെങ്കിലും ബി.ജെ.പി രണ്ടാം സ്ഥാനം നിലനിറുത്തി. പാർട്ടിക്ക് വോട്ട് രേഖപ്പെടുത്തിയതിന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ നടന്ന സംഘർഷങ്ങളിൽ 40ലധികം പേരാണ് ബംഗാളിൽ കൊല്ലപ്പെട്ടത്. വോട്ടെടുപ്പ് ദിവസം മാത്രമുണ്ടായ അക്രമങ്ങളിൽ 16ലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അക്രമങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.