ന്യൂഡൽഹി : മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തില്‍ തുടരുകയാണെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അദ്വാനിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ 27ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. 96 വയസുകാരനായ അദ്വാനിക്ക് ഈ വര്‍ഷം രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്കി ആദരിച്ചിരുന്നു. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹം ഉപപ്രധാനമന്ത്രിയുടെ സ്ഥാനം വഹിച്ചിരുന്നു. മൂന്ന് തവണ ബിജെപി ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.