മാഞ്ചസ്റ്റർ: ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ലിവർപൂൾ. സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരം അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കി ഇരിക്കെ ട്രെന്റ് അലക്സാണ്ടർ അർനോൾഡ് ആണ് ലിവർപൂളിന് സമനില നൽകിയത്.
ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. കരുതിപ്പോകുന്നതിനിടെ 27ാം മിനുറ്റിൽ എർലിങ് ഹാലൻഡ് ‘പണി’ കൊടുത്തു. നഥാൻ അകെയുടെ പാസ് സ്വീകരിച്ചാണ് ഹാലൻഡ് സിറ്റിക്ക് ലീഡ് നൽകിയത്. ഏറ്റവും വേഗത്തിൽ 50 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന താരമാകാനും ഇതോടെ ഹാലന്‍ഡിനായി. 48 ാം മത്സരത്തിലായിരുന്നു ഹാലന്‍ഡിന്റെ നേട്ടം.
79ാം മിനുറ്റ് വരെ ഈ ഗോളിന്റെ മികവ് പുലർത്താൻ സിറ്റിക്കായി. എന്നാൽ 80ാം മിനുറ്റിൽ അർനോൾഡ് ലക്ഷ്യം കണ്ടതോടെ ലിവർപൂൾ ഒപ്പമെത്തി. സമനിലയോടെ 13 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. അത്രയും മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്താണ്.