കൊച്ചി: ലിവ് ഇൻ റിലേഷൻഷിപ്പുകൾ വിവാഹത്തിന് തുല്യമായി ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്നും ഒരുമിച്ച് വസിക്കുന്ന രണ്ട് പേർ സ്വയം തയാറാക്കിയ “ദാമ്പത്യ ഉടമ്പടി’ പ്രകാരം “വിവാഹമോചനം’ അനുവദിക്കാനാവില്ലെന്നും വിധിച്ച് കേരള ഹൈക്കോടതി.
വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട പങ്കാളികൾ “വിവാഹമോചനം’ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. 2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ, തങ്ങൾക്ക് ബന്ധം അവസാനിപ്പിക്കാൻ താൽപര്യമുണ്ടെന്ന് കാട്ടി കുടുംബക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇവർ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ മാത്രമാണെന്നും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ “വിവാഹമോചനം’ എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വിധിച്ചിരുന്നു. ഇതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ലിവ് ഇൻ റിലേഷൻഷിപ്പുകൾക്ക് ഇതുവരെ രാജ്യത്ത് നിയപരമായ “റെകഗ്നിഷൻ’ നൽകിയിട്ടില്ലെന്നും ഏതെങ്കിലും മതനിയമമോ സ്പെഷൻ മാര്യേജ് ആക്ട് പ്രകാരമോ വിവാഹം രജിസ്റ്റർ ചെയ്താൽ മാത്രമാണ് ബന്ധങ്ങൾക്ക് നിയമസാധുത ലഭിക്കുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് എ, മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.