തൃശൂർ : പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന് അന്തരിച്ചു. 91 വയസ്സായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപമായിരുന്നു താമസം. 2021-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
സര്‍ഗദര്‍ശനം, അനുമാനം, മോളിയേയില്‍ നിന്ന് ഇബ്സനിലേയ്ക്ക്, വാക്കും പൊരുളും എന്നീ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോളിയേയില്‍നിന്ന് ഇബ്സനിലേയ്ക്ക് എന്ന കൃതിയ്ക്ക് 1998-ലെ എന്‍. കൃഷ്ണപിള്ള സ്മാരകപുരസ്കാരം ലഭിച്ചു. നിരവധി ആനുകാലികങ്ങളില്‍ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങള്‍ തുടങ്ങിയവ വിവിധ തുലികാനാമങ്ങളിൽ എഴുതിയിട്ടുണ്ട്.
ഉള്‍ക്കാഴ്ചകള്‍, സംസ്കാരത്തിന്റെ അടയാളങ്ങള്‍, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സ്മൃതിമുദ്രകള്‍ എന്നിവയാണ് മറ്റ് കൃതികള്‍. 1961 മുതല്‍ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മലയാളവിഭാഗം അധ്യാപകനായിരുന്നു. പാലക്കാട് വിക്ടോറിയ കോളജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂള്‍, കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.