പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള ബാലൻ ദി ഓർ പുരസ്കാരം സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. അർജന്റൈൻ താരത്തിന്റെ എട്ടാം ബാലൻ ദി ഓർ പുരസ്കാരമാണിത്.
2022 ഫിഫ ഖത്തർ ലോകകപ്പിൽ മെഡി അർജന്റീനയെ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. കഴിഞ്ഞ സീസണിൽ 41 ഗോളുകളും 26 അസിസ്റ്റുകളുമാണ് മെസി നേടിയത്.2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസി ബാലൻ ദി ഓർ പുരസ്കാരത്തിന് അർഹനായത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായിരുന്ന മെസി, 2023 ജൂലൈ 15 മുതൽ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലാണ്.
ഗെർഡ് മുള്ളർ ട്രോഫി ഹാലണ്ടിന്
മികച്ച താരത്തിനുള്ള പോരാട്ടത്തിൽ ലയണൽ മെസിക്കു പിന്നിലായിപ്പോയെങ്കിലും ടോപ്സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി സ്വന്തമാക്കി യുവതാരം എർലിംഗ് ഹാലണ്ട്. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് ഈ 23-ാകാരന്റെ നേട്ടം. 2022ലെ സമ്മർ വിൻഡോയിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ടുമുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ഹാലണ്ട് റിക്കാർഡ് ഗോൾ നേട്ടമാണ് പ്രീമിയർ ലീഗിൽ സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ മാത്രം 36ഉം എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 53 മത്സരങ്ങളിൽ 52 ഗോളുകളും നേടാനായതാണ് ഹാലണ്ടിനെ നേട്ടത്തിലെത്തിച്ചത്.
ഐറ്റാന ബോണ്‍മാറ്റി
മികച്ച വനിത താരത്തിനുള്ള ബാലൻ ദി ഓർ സ്പെയിന്റെ ഐറ്റാന ബോണ്‍മാറ്റിക് സ്വന്തമാക്കി. ബാഴ്സലോണയിലെ പ്രകടനവും സ്പെയിനൊപ്പം ലോകകപ്പ് നേടിയതും ഐറ്റാനയെ ബാലൻ ദി ഓർ തിളക്കത്തിലെത്തിച്ചത്.
എമി മാർട്ടിനസ്
മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന പുരസ്കാരമായ യാഷിൻ ട്രോഫി അർജന്റീന ഗോൾ കീപ്പർ എമി മാർട്ടിനസ് സ്വന്തമാക്കി. അർജന്റീനക്കായി ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിനാണ് പുരസ്കാരം. നേരത്തെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിലും എമി മാർട്ടിനസ് മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജൂഡ് ബെല്ലിംഗ്ഹാം
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി പുരസ്കാരം ജൂഡ് ബെല്ലിംഗ്ഹാം സ്വന്തമാക്കി. ബാഴ്സലോണ താരങ്ങളായ ഗവി, പെഡ്രി, ബയേണ്‍ താരം മുസിയല എന്നിവരെ എല്ലാം മറികടന്നാണ് ജൂഡ് ഈ പുരസ്കാരം നേടിയത്.
മികച്ച പുരുഷ ടീമിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. മികച്ച വനിത ക്ലബിനുള്ള പുരസ്കാരം എഫ്സി ബാഴ്സലോണ നേടി.