ന്യൂഡൽഹി : ഇതിഹാസതാരം ലയണൽ മെസി നയിക്കുന്ന അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിലെത്തും. ഇന്ത്യയിലെ ഫുട്ബോൾ വികാസത്തിന് അർജന്റീന ടീമുമായി സഹകരിക്കുന്ന ഔദ്യോഗിക പങ്കാളി എച്ച്എസ്ബിസിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും ഫുട്ബോൾ വികസനം ലക്ഷ്യമിട്ടുള്ള ഒരു വർഷത്തെ പങ്കാളിത്ത കരാറിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനും എച്ച്എസ്ബിസിയും ബുധനാഴ്ച ഒപ്പിട്ടു.
അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ നേരത്തെ അറിയിച്ചിരുന്നു. 14 വർഷങ്ങൾക്കുശേഷമാണ് മെസി ഇന്ത്യയിലെത്തുന്നത്. 2011ൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന- വെനസ്വേല ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാനാണ് മെസി ഒടുവിൽ ഇന്ത്യയിൽ വന്നത്. അന്ന് അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു.