തിരുവനന്തപുരം : പത്ത് കൊല്ലം കൊണ്ട് 1.22 ലക്ഷം രൂപ പ്രീമിയം അടച്ച പോളിസി ഉടമയ്ക്ക് മച്യുരിറ്റി തുകയായി ലഭിച്ചത് 1.06 ലക്ഷം! സ്ത്രീയുടെ പരാതിയില്‍ എല്‍ഐസി ഉപഭോക്താവിന് 2.50 ലക്ഷം മച്യുരിറ്റി തുകയായും, 10,000 രൂപ നഷ്ടപരിഹാരമായും, 5,000 രൂപ കോടതിച്ചെലവായും നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു.
അടൂരിലുള്ള പരാതിക്കാരി ‘ജീവന് സരള്‍’ പോളിസി എടുത്തത് 2007 ലാണ്. ആകെ 1,22,480 രൂപ പ്രീമിയം അടച്ചാല്‍ 2017 ല്‍ 2.50 ലക്ഷം മച്യുരിറ്റി തുക ലഭിക്കും എന്നായിരുന്നു വാഗ്ദാനം. മച്യുരിറ്റി വാല്യൂ എഴുതേണ്ട കോളം പൂരിപ്പിക്കാതെയാണ് പോളിസി കൊടുത്തത്. കുറഞ്ഞ തുകയെ ലഭിക്കൂ എന്ന് പോളിസി ഉടമയെ അറിയിച്ചത് അവസാന മാസമാണ്.
പോളിസി ഉടമ മരിച്ചാലാണ് 2.50 ലക്ഷം കൊടുക്കുന്നതെന്നും മച്യുരിറ്റി വാല്യൂ എഴുതേണ്ട കോളം പൂരിപ്പിക്കാന്‍ വിട്ടു പോയത് മനഃപൂര്‍വമല്ലാത്ത തെറ്റാണെന്നും എല്‍ഐസി വാദിച്ചു. ഒരു ബോണസ് ഉള്‍പ്പെടെ 1,43,942 രൂപ നല്കാന് തയ്യാറാണെന്നും എല്‍ഐസി കമ്മീഷനെ അറിയിച്ചു.
മനഃപൂര്‍വമല്ലാത്ത തെറ്റാണെങ്കില്‍ തിരുത്താന്‍ വേണ്ടുവോളം സമയം ഉണ്ടായിരുന്നു. പോളിസി തീരാറായപ്പോള്‍ മാത്രം അറിയിച്ചത് തെറ്റാണെന്നും കമ്മീഷന് നിരീക്ഷിച്ചു. തുടര്‍ന്നാണ് ഉപഭോക്താവിന് 2.50 ലക്ഷം മച്യുരിറ്റി തുകയായും, 10,000 രൂപ നഷ്ടപരിഹാരമായും, 5,000 രൂപ കോടതിച്ചെലവായും നല്‍കണമെന്ന് കമ്മീഷന് ഉത്തരവിട്ടത്.
പത്തനംതിട്ടയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പരാതിക്കാരിക്ക് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എല്‍ഐസി കൊടുത്ത അപ്പീല്‍ പെറ്റിഷനാണ് സംസ്ഥാന കമ്മീഷന് തീര്‍പ്പാക്കിയത്. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ് ബി സുധീന്ദ്ര കുമാര്‍, ജുഡീഷ്യല്‍ മെമ്പര്‍ ഡി അജിത് കുമാര്‍, മെമ്പര്‍ കെ ആര് രാധാകൃഷ്ണന് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.