യൂറോ കപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി റോബർട്ടോ ലെവൻഡോസ്കിയുടെ പോളണ്ട്. ഫ്രാൻസിനെതിരായ കളി ബാക്കി നിൽക്കെയാണ് ഓസ്ട്രിയയോട് തോറ്റ പോളണ്ടിന്റെ ടൂർണമെന്റിലെ സാധ്യതകൾ അടഞ്ഞത്. ഇനി ഫ്രാൻസിനോട് ജയിച്ചാലും പോളണ്ടിന് നോക്കോട്ടിൽ കടക്കാൻ കഴിയില്ല.
ഓസ്ട്രിയയോട് 3-1 നു തോൽക്കുമ്പോഴും പോളണ്ടിന് നേരിയ സാധ്യത മുന്നിൽ ഉണ്ടായിരുന്നു.എന്നാൽ ഫ്രാൻസ് -നെതർലൻഡ്സ് മത്സരത്തിലെ ഫലം പോളണ്ടിന് നിരാശയാണ് നൽകിയത്. ഫ്രാൻസിനെതിരെ നെതർലൻഡ്സ് ജയിക്കുകയും അവസാന മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിക്കാൻ കഴിയുകയും ചെയ്താൽ ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ലേബലിൽ പോളണ്ടിന് മുന്നേറാൻ കഴിയുമായിരുന്നു. ഫ്രാൻസ്- നെതർലൻഡ്സ് മത്സരം സമനിലയിലായതോടെ ആ സാധ്യത അടഞ്ഞു. ഇനി ഫ്രാൻസിനെ തോൽപിച്ചാലും മൂന്നാം സ്ഥാനക്കാർ എന്ന നിലയിലേക്ക് ഗ്രൂപ്പിൽ പോലും പോളണ്ടിന് എത്താനാകില്ല.
ചൊവ്വാഴ്ച നെതർലൻഡ്സിനോട് തോറ്റാൽ ഓസ്ട്രിയയ്ക്കും പോളണ്ടിനൊപ്പം 3 പോയിന്റാകും. എന്നാൽ മികച്ച ഗോൾ വ്യത്യാസത്തിൽ പോളണ്ട് ഫിനിഷ് ചെയ്താലും അവർ ഓസ്ട്രിയയ്ക്ക് പിന്നിലെ സ്ഥാനമുണ്ടാകൂ . കാരണം – ഫിഫ ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി – യുവേഫ മത്സരങ്ങളിൽ പോയിൻ്റ് നിലയിൽ തുല്യമായി ഫിനിഷ് ചെയ്യുന്ന ടീമുകളെ വേർതിരിക്കാൻ ഉപയോഗിക്കുന്നതു ടൈബ്രേക്കർ രീതിയാണ് ഹെഡ്-ടു-ഹെഡ് വിജയം. അതിൽ പോളണ്ടിനു എതിരെ വിജയിച്ച ഓസ്ട്രിയ മുന്നിലാകും അതാണ് കണക്കിലെ കളി. നിലവിൽ നാല് പോയിന്റുള്ള നെതർലൻഡ്സ് ഗ്രൂപ്പിൽ ഒന്നാമതും അത്ര തന്നെ പോയിന്റുള്ള ഫ്രാൻസ് ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനത്തും മൂന്നു പോയിന്റുള്ള ഓസ്ട്രിയ മൂന്നാമതുമാണ്. രണ്ടു മത്സരം കഴിഞ്ഞപ്പോൾ പോളണ്ടിന് നിലവിൽ പോയിന്റൊന്നും ഇല്ല താനും.