ബംഗളൂരു: വാസ്തുദോഷത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏതാനും വർഷങ്ങളായി അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ശനിയാഴ്ച വിധാൻസൗധയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന “അന്നഭാഗ്യ’ പദ്ധതിയുടെ ആലോചനായോഗത്തിന് മുമ്പാണ് വാസ്തുദോഷം ചർച്ചയായത്.
തെക്കുവശത്തുള്ള വാതിൽ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഇത് എന്തുകൊണ്ടാണെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചു.വാതിലിലൂടെ പ്രവേശിക്കുന്നത് രാഷ്ട്രീയ നേതാക്കളുടെ ഭാവിക്ക് ദോഷമാണെന്ന വിശ്വാസമുള്ളതിനാലാണ് ഇതെന്ന് മറുപടി ലഭിച്ചതോടെ, ഉടനടി വാതിൽ തുറക്കാൻ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. യോഗത്തിനായി ഓഫീസിലേക്ക് ഈ വാതിലിലൂടെ കയറിയ മുഖ്യൻ യോഗശേഷം ഇതേ വാതിലിലൂടെയാണ് പുറത്തേക്ക് ഇറങ്ങിയത്. നല്ല മനസാക്ഷിയും പൊതുജന താൽപര്യ നിലപാടുമുള്ളവർക്ക് മതിയായ കാറ്റും വെളിച്ചവുമുള്ള മുറി മതിയെന്നും വാസ്തുദോഷത്തെ ഭയമില്ലെന്നും സിദ്ധരാമയ്യ അറിയിച്ചു.