പാലക്കാട് : നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കു വെടി വയ്ക്കാതെ തന്നെ പുലിയ കൂട്ടിൽക്കയറ്റി പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിനു പിന്നാലെയാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിൽ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.
ഇന്നലെ രാത്രിയാണ് പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിൽ പുലി വീണത്. പിന്നാലെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ കിണറ്റിൽ നിന്നു പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കിണറ്റിലേക്കിറക്കുന്നതിനായി കൂടും സ്ഥലത്തെത്തിച്ചിരുന്നു. പുലിയെ കൂട്ടിൽക്കയറ്റി പുറത്തെത്തിക്കാനുള്ള സാധ്യത അടഞ്ഞാൽ മയക്കു വെടി വച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു.
എന്നാൽ അർധ രാത്രി 12.20 ഓടെ പുലിയ കൂട്ടിൽ കയറ്റി പുറത്തെത്തിക്കുകയായിരുന്നു. ആറര മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്.
വയനാട്ടിൽ കടുവ : അതിനിടെ വയനാട് തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് തിരച്ചിൽ നടക്കും. വനം വകുപ്പിന്റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ തിരച്ചിൽ നടക്കുക. വനാതിർത്തികളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നു വനം വകുപ്പ് ആവശ്യപ്പെട്ടു.
പ്രദേശത്ത് പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പെടെയുള്ള വ്യാപര സ്ഥാപനങ്ങൾ രാത്രി 10 മണിയോടെ അടയ്ക്കാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി എഴരയ്ക്കു ശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും പഞ്ചായത്ത് നിയന്ത്രണം ഏർപ്പെടുത്തി. പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.