തൃശൂര്‍ : ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി. സൗത്ത് ജംഗ്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലാണ് പുലിയെ കണ്ടത്. 24-ാം തീയതി പുലര്‍ച്ചെയാണ് സിസിടിവിയില്‍ പുലിയുടെ ദൃശ്യം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ കുടുംബത്തിന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കാൽപാട് ഉൾപ്പെടെ പരിശോധിച്ച ശേഷമാകും പുലിയാണോയെന്ന് സ്ഥിരീകരിക്കുകയെന്ന് വനംവകുപ്പ് അറിയിച്ചു. പുലി ഇറങ്ങിയതായുള്ള സംശയം പ്രചരിച്ചതോടെ ചാലക്കുടി നഗരത്തിലെ ജനവാസമേഖലയിൽ പരിഭ്രാന്തി പരന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തൃശൂര്‍ കൊരട്ടിയിലും പുലിയെ കണ്ടിരുന്നു. ചൊവ്വാഴ്ച ദേവമാത ആശുപത്രിക്ക് സമീപം മത്സ്യബന്ധനത്തിനെത്തിയ പ്രദേശവാസിയായ ജോയ് എന്നയാളാണ് പുലിയെ കണ്ടത്. പുലിയെ കണ്ട് ഭയന്നോടിയ ഇയാള്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ രാത്രി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.