തിരുവനന്തപുരം : വിഴിഞ്ഞത്ത് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഉൾക്കടലിൽ ഉല്ലാസ യാത്ര നടത്തിയ ബോട്ട് പിടികൂടി. സ്ത്രീകളും പുരുഷന്മാരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുമടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഉൾക്കടൽ ലക്ഷ്യമാക്കി ഉല്ലാസ യാത്ര പുറപ്പെട്ട ബോട്ട് തീരദേശ സി ഐ പ്രദീപ് കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ഒരു ജീവൻ രക്ഷാ സംവിധാനവുമില്ലാതെയാണ് സംഘം യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന തീരദേശ പൊലീസുകാർക്കും ബോട്ട് തടയാനുള്ള നിർദേശം അധികൃതർ നൽകി. സംഘത്തെ സുരക്ഷിതമായി തീരത്തെത്തിച്ച ശേഷം ബോട്ട് തീരദേശ പൊലീസ് കസ്റ്റഡിയിൽ എടുത്ത് തുടർ നടപടിക്കായി ഫിഷറീസ് വകുപ്പിന് കൈമാറി.