2024 ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ ഇടതു പാർട്ടികളുടെ സ്ഥാനമെന്താകും ? രാജ്യത്തെ രണ്ടു പ്രമുഖ കമ്യൂണിസ്റ്റുപാര്‍ട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനം എങ്ങനെയാകും ദേശീയ രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തപ്പെടുക എന്ന ചോദ്യം രാഷ്ട്രീയനിരീക്ഷകരിൽ നിറച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് മേളങ്ങൾ ഉയരുന്നത്. ദേശീയ പാർട്ടി പദവി പോലും നഷ്ടമാകുന്ന തരത്തിലേക്ക് വീണ്ടും മെലിഞ്ഞ് പൂർണമായും കേരളാ പാർട്ടിയായി ഇടതു മുഖ്യധാരാ പാർട്ടികൾ മാറുമോ എന്നതിൽ മാത്രമാണ് ഇനി കൗതുകമുള്ളത്.
ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷം എന്നുപറയുന്നത് ഇപ്പോള്‍ സിപിഐയും സിപിഎമ്മുമാണ്. ഇതില്‍ സിപിഎം മൂന്ന് കോണ്‍ഗ്രസ് വിരുദ്ധസര്ക്കാരുകള്ക്കും ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനും കേന്ദ്രത്തില്‍ പിന്തുണ നല്കി. സിപിഐ രണ്ട് കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകള്‍ക്കും ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനും പിന്തുണ നല്കി.1996ല്‍ ജ്യോതിബസുവിന് പ്രധാനമന്ത്രി സ്ഥാനം വെള്ളിത്തളികയില്‍ വച്ചുനീട്ടിയപ്പോള്‍ പാര്‍ട്ടി ഇടപെട്ട് അത് തട്ടിക്കളഞ്ഞതോടെ സിപിഎമ്മിന്റെ ഇന്ത്യയിലെ ചരിത്രപരമായ പ്രസക്തി അവസാനിച്ചുവെന്ന് രാഷ്ട്രീയനിരീക്ഷകരും സാമൂഹ്യശാസ്ത്രജ്ഞരും അഭിപ്രായപ്പെടുകയുണ്ടായി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തും അന്നത്തെ സിപിഐ അഖിലേന്ത്യാ സെക്രട്ടറി എബി ബര്‍ധനും അവരുടെ പാര്‍ട്ടികളിൽ കാര്യമായി ആലോചിക്കാതെയാണ് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ചര്‍ച്ച ചെയ്യാന്‍ നിന്നാല്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അടങ്ങുന്ന സംഘം ഈ നീക്കം അട്ടിമറിക്കുമെന്ന് ഹര്‍കിഷന്‍സിംഗ് സുര്ജിത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ഉണ്ടായത്.
എന്നാല്‍ സുര്‍ജിത്തിന് ശേഷം പ്രകാശ് കാരാട്ട് വന്നപ്പോള്‍ അമേരിക്കയുമായുളള ആണവകരാറിന്റെ പേരില്‍ ഒരു തട്ടിക്കൂട്ട് വിവാദമുണ്ടാക്കി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അന്ന് മുതല്‍ ദേശീയതലത്തിൽ ഇടതുകക്ഷികളുടെ വളർച്ചാ ഗ്രാഫ് താഴേക്കാണ്. അവസാനം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റെ പാർലമെന്റിലെ കക്ഷിനില മൂന്നായും സിപിഐയുടേത് രണ്ടായും ചുരുങ്ങി. 1952ലെ ആദ്യ പാര്‍ലമെന്റില്‍ സഖാവ് എകെജിയുടെ നേതൃത്വത്തിൽ പ്രധാന പ്രതിപക്ഷമായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നത് ഓർത്തുകൊണ്ടുവേണം ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥ വിലയിരുത്താൻ. ഇത്തവണയും ലോക്സഭയില്‍ വിരലില്‍ എണ്ണാവുന്ന എംപിമാരെ മാത്രമേ സിപിഎമ്മും സിപിഐയും പ്രതീക്ഷിക്കുന്നുള്ളു. എന്നുവച്ചാല്‍ ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ പ്രാദേശിക കക്ഷി നേടുന്നത്രയും സീറ്റുകള്‍ പോലും നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം പോലും ഇരു കമ്യുണിസ്റ്റുപാര്ട്ടികള്ക്കുമില്ല.
അഖിലേന്ത്യാതലത്തില്‍ അനുദിനം പ്രസക്തി നഷ്ടപ്പെടുന്ന ഇടതുപക്ഷത്തിന് ഒരു ബദല്‍ രാഷ്ട്രീയം മുന്നോട്ടുവെക്കാനുള്ള കഴിവൊക്കെ എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞിട്ടും ബിജെപിക്കെതിരെയുള്ള പ്രതിപക്ഷവേദിയിൽ വന്ന് ഒരു സംയുക്തപോരാട്ടത്തിന് സിപിഎമ്മും സിപിഐയും എന്തിന് മടിക്കുന്നുവെന്നതാണ് ചര്‍ച്ച ചെയ്യേണ്ട കാര്യം. ഇന്ത്യാമുന്നണിയുടെ യോഗത്തില്‍ യെച്ചൂരിയും ഡി രാജയുമൊക്കെ പങ്കെടുത്തെങ്കിലും ദേശീയ വീക്ഷണത്തോടെ ആ മുന്നണിയുടെ ഭാഗമായി നില്ക്കാന് തങ്ങളില്ലെന്ന് അവർ വ്യക്തമാക്കിക്കഴിഞ്ഞു. അതിന് പ്രധാന കാരണം കേരളത്തിലെ ഭരണം തന്നെയാണ്. കേരളത്തില്‍ കോണ്‍ഗ്രസാണ് മുഖ്യപ്രതിപക്ഷ കക്ഷിയെന്നത് കൊണ്ട് അവര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഒരു നീക്കവും നടത്താന്‍ സിപിഎമ്മും സിപിഐയും ഒരുക്കമല്ല.
ഈ ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന് എന്ത് പ്രസ്കതിയുണ്ടാകുമെന്ന് ആലോചിക്കാനല്ല മറിച്ച് 2026ലെ കേരളനിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ കഴിയുമോ എന്നാണ് സിപിഎമ്മും സിപിഐയും തലപുകഞ്ഞാലോചിക്കുന്നത്. പാര്‍ലമെന്റില്‍ അംഗങ്ങളെ അണിനിരത്തി ബിജെപിക്കെതിരെ പോരാടുന്നതിനെക്കാള്‍ വലിയ കാര്യമാണ് കേരളത്തിലെ ഭരണം എങ്ങനെയെങ്കിലും നിലനിര്‍ത്തുക എന്നതെന്ന് ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുമറിയാം .ഇപ്പോള്‍ രണ്ട് പാര്‍ട്ടികളുടെയും ഡല്‍ഹിയിലെ കേന്ദ്ര ആസ്ഥാനങ്ങള്‍ പോലും നിലനില്‍ക്കുന്നത് കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഉള്ളതുകൊണ്ടാണ്. അത് കൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യപങ്കുവഹിക്കുന്നതിനെക്കാള് ഇടതുപക്ഷത്തിന് ഭരണത്തില്‍ പങ്കാളിത്തമുളള കേരളത്തിലെ രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് അഭികാമ്യമെന്ന നിഗമനത്തിലാണ് സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃത്വം.
പാർട്ടിയുടെ നിലനിൽപ്പാണ് പ്രധാനമെന്ന സാഹചര്യം മുന്‍നിര്‍ത്തി കേരളത്തില്‍ നിന്നും തങ്ങള്‍ക്ക് ജയിക്കാവുന്ന നിയമസഭാസീറ്റുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കുക എന്നതാണ് ഇരുപാര്‍ട്ടികളുടെയും തന്ത്രം. എന്നുവച്ചാല്‍ കേരളത്തിലെ പതിനാല് ജില്ലകളിലെ രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമെന്നര്ത്ഥം. അതിനപ്പുറമുള്ളതൊന്നും അവര്‍ ചിന്തിക്കുന്നില്ല. ചിന്തിച്ചിട്ടൊരു കാര്യവുമില്ല