കൊച്ചി: റിസൽറ്റ് വിവാദത്തിൽ ആർഷോ ഒന്നാം പ്രതിയെന്നു പറഞ്ഞ ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ ഡോ. വിനോദ് കുമാർ മികച്ച അധ്യാപകനെന്ന് ഇടതുപക്ഷ കോളജ് അധ്യാപക സംഘടന.പരീക്ഷ എഴുതാത്ത വിദ്യാർത്ഥിയുടെ പേര് റിസൾട്ടിൽ കടന്നു കൂടിയത് സോഫ്റ്റ് വെയറിന്റെ പിഴവാണെന്നും എ കെ ജി സി ടി എ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ വാദങ്ങൾക്ക് തീർത്തും വിരുദ്ധമായ നിലപാടാണിത്.
മൂന്നാം സെമസ്റ്റർ ആർക്കിയോളജി റിസൾട്ടിൽ വന്ന പിഴവുമായി ബന്ധപ്പെട്ട ആരോപണം വന്ന ജൂൺ ആറാം തീയതി തന്നെ പ്രിൻസിപ്പൽ അതു സോഫ്റ്റ്വെയറിന്റെ പിഴവാണെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. പരീക്ഷയ്ക്ക് പേര് രജിസ്റ്റർ ചെയ്യാത്ത, പരീക്ഷ എഴുതാത്ത വിദ്യാർത്ഥിയുടെ പേര് റിസൾട്ടിൽ കടന്നു കൂടിയതും passed എന്ന് റിസൾട്ട് വന്നതും സോഫ്റ്റ്വെയറിന്റെ പിഴവ് മാത്രമാണ്. പ്രിൻസിപ്പൽ അടുത്ത ദിവസം തന്നെ NIC എന്ന സോഫ്റ്റ്വെയറിന്റെ പിഴവുകൾ കൂടുതൽ തെളിവുകൾ നിരത്തി വിശദീകരിക്കുകയും ചെയ്തതാണ്.
2020-21 ബാച്ചിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥി മൂന്നാം സെമസ്റ്റർ കഴിഞ്ഞു റോൾ ഔട്ട് ആയതിനെ തുടർന്ന് 2021-22 ബാച്ചിൽ നാലാം സെമസ്റ്റർ വിദ്യാർത്ഥിയായി റീ അഡ്മിഷൻ എടുക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ജൂനിയർ ബാച്ചിനൊപ്പം ഈ വിദ്യാർത്ഥിയുടെ പേര് കടന്നു കൂടുകയായിരുന്നു. ഇതിനിടെ കോളേജിനെതിരേയും ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ കോഡിനേറ്റർ ആയ ഡോക്ടർ വിനോദ്കുമാർ കലോലിക്കലിനെതിരെയും ചില ആരോപണങ്ങൾ ഉയർന്നുവന്നു. ഡോക്ടർ വിനോദ് കുമാറിനെതിരെ നേരത്തെ നൽകിയിരുന്ന ഒരു പരാതിയെക്കുറിച്ച് മാധ്യമങ്ങളിൽ പരാമർശവും ഉണ്ടായി. ഒരു വിദ്യാർത്ഥിനിയുടെ റീവാലുവേഷൻ പേപ്പർ മറ്റൊരു ടീച്ചറുടെ പേരിൽ ഡോ. വിനോദ് എടുത്ത് മാർക്കിട്ട് ആ ടീച്ചറുടെ കള്ള ഒപ്പിട്ടു നൽകി എന്നതായിരുന്നു പരാതി.
ഗവേണിംഗ് ബോഡി അംഗങ്ങൾ അടങ്ങുന്ന പരീക്ഷാ സമിതി ഈ പരാതിയെ കുറിച്ച് അന്വേഷിക്കുകയും ഈ ആരോപണം തികച്ചും തെറ്റാണെന്നു തെളിയുകയും ചെയ്തതാണ്. റീവാലുവേഷൻ നടത്തിയത് കേരളത്തിലെ പ്രസിദ്ധമായ കോളേജിലെ സീനിയർ അധ്യാപികയാണ്. ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നിരിക്കെ ഈ ആരോപണം വീണ്ടും വീണ്ടും ഉന്നയിച്ചുകൊണ്ട് ഡോ. വിനോദിനെയും കോളേജിനെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ചിലരുടെ ശ്രമം തിരിച്ചറിയണമെന്ന് എ കെ ജി സി ടി എറണാകുളം ജില്ലാ സെക്രട്ടറി ഡോ. സുജ ടി വി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മികവുറ്റ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും ഈ കലാലയത്തിന്റെ നന്മയ്ക്ക് വേണ്ടി ഗവണിങ് ബോഡി അംഗം, പിടിഎ സെക്രട്ടറി, കോളേജ് ഡെവലപ്മെന്റ് കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ ചുമതലകളിൽ അക്ഷീണം പ്രയത്നിച്ചിട്ടുള്ള അധ്യാപകനാണ് വിനോദ് കുമാർ കലോലിക്കൽ എന്നും എ കെജി സിടിഎ വ്യക്തമാക്കി. കോളജിലെ മലയാളം വകുപ്പ് പൂർവ്വ വിദ്യാർത്ഥിനി വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ സംഭവത്തിലും അധ്യാപക സംഘടന നിലപാട് വ്യക്തമാക്കി. പൂർവ്വ വിദ്യാർത്ഥിനി, കോളേജ് നൽകാത്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെതിരെ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് നൽകുകയും മൊഴി കൊടുക്കുകയും ചെയ്തിട്ടുണ്ട്. കോളേജിന് ഇക്കാര്യത്തിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അധ്യാപക സംഘടന അറിയിച്ചു.