കൊച്ചി : വടക്കൻ പറവൂരിൽ കുടുംബവഴക്കിന തുടർന്ന് സഹോദര പുത്രൻ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ ലീലയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേട്ടു കേൾവിയില്ലാത്ത ദുരനുഭവമാണ് ലീലക്കുണ്ടായതെന്നും ലീല ഒരിക്കലും അനാഥയാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതി രമേശ് ഒളിവിലാണ്. അയാൾ പൊലീസ് ഉടൻ പിടികൂടുമെന്നാണ് സൂചന. ലീലയ്ക്ക് സുരക്ഷിതമായി താമസിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കും. തർക്ക ഭൂമിയായതിനാൽ മറ്റ് നിർമാണങ്ങൾ പാടില്ലാത്തതിനാലാണിത്. ആവശ്യമുള്ള കാര്യങ്ങളെല്ലാം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടൻ തന്നെ എംഎൽഎ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹോദരന്റെ പേരിലുള്ള വീടിനെ ചൊല്ലി സഹോദര പുത്രൻ രമേശും ലീലയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ലീലയെ വീട്ടിൽ നിന്നും പുറത്താക്കുന്നതിനാണ് യുവാവ് വീട് തകർത്തത്. ഇതോടെ പോകാൻ മറ്റൊരു ഇടമില്ലാത്തതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയേണ്ട അവസ്ഥയിലായിരുന്നു ലീല. സംഭവത്തിൽ ലീല നൽകിയ പരാതിയിൽ നോർത്ത് പറവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിക്രമിച്ച് കയറിയതിനും, വീട്ടിൽ നാശനഷ്ടം വരുത്തിയത്തിനുമാണ് കേസ്.