ന്യൂഡൽഹി : ബുധനാഴ്ച വൈകുന്നേരം മുതൽ ഡൽഹിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ച. എംപിമാരുടെ ലോബിക്കുള്ളിൽ മഴവെള്ളം ചോർന്നൊലിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
ഇന്നലെ പാർലമെന്റിൽ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോടിക്കണക്കിന് രൂപ ചെലവിട്ടു നിർമിച്ച പാർലമെന്റ് മന്ദിരം ഇത്തരത്തിൽ ചോരുകയാണെങ്കിൽ മഴക്കാലത്ത് സഭാസമ്മേളനം പഴയ മന്ദിരത്തിലേക്കു മാറ്റണമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
എല്ലാ പാർട്ടിയിൽനിന്നുമുള്ള എംപിമാരടങ്ങുന്ന സമിതി രൂപീകരിച്ച് ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് കോണ്ഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടു. സഭ നിർത്തിവച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.