കൊച്ചി : മുസ്ലിം ലീഗ് ഹിന്ദു വിരുദ്ധരല്ല, പക്ഷെ ബിജെപി മുസ്ലിം വിരുദ്ധമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. രണ്ടു തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്‍ഡ്യന്‍ എക്സപ്രസിന്റെ എക്സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി നടേശന് എന്നതുപോലെ സമസ്തയ്ക്കും കേരളത്തില്‍ വോട്ടു ബാങ്കില്ല. മത സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കേരളത്തില്‍ ആരെങ്കിലും വോട്ടു ചെയ്യാറുണ്ടോ?. ആരും വോട്ടു ചെയ്യില്ലെന്നാണ് താന്‍ കരുതുന്നതെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
സമസ്തയെ ആരു ശ്രദ്ധിക്കുന്നു. വിശ്വാസത്തില്‍ സമസ്ത, മുജാഹിദ്, ജമാ അത്ത് തുടങ്ങിയവയ്ക്ക് ഒരു പങ്കുമില്ല. സനാതന ധര്‍മ്മം എന്നത് ബ്രാഹ്മണ ആശയമാണ്. ഗോത്ര വിഭാഗക്കാരോ ഒബിസി വിഭാഗമോ ഇതില്‍പ്പെടുന്നില്ല. ക്രിസ്തുമതത്തിലും സമാനമായ പ്രശ്നമുണ്ട്.
അപ്പോള്‍ സിപിഎം വെറുതെ സമസ്തയോട് കൂട്ടുകൂടുകയാണോ? എന്ന ചോദ്യത്തിന്, ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതിനല്ലാതെ, മറ്റൊരു ഉദ്ദേശവുമില്ല. എന്നാല്‍ ഇപ്പോള്‍ പലരും സിപിഎമ്മിലേക്ക് പോകുന്നുണ്ട് എന്നത് വസ്തുതയാണ് എന്നും ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍, ഇക്കാലത്ത് ഇടതുപക്ഷത്തോട് ചായ്വുള്ളതായി ഒരു കാഴ്ചപ്പാടുണ്ട്. എന്നാല്‍ അവര്‍ മുസ്ലിം ലീഗ് വോട്ടര്‍മാരല്ല, പരമ്പരാഗത കോണ്‍ഗ്രസ് വോട്ടര്‍മാരാണ്. അതിനാല്‍, ലീഗിനെ അതു ബാധിക്കില്ല.
മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് പോയാല്‍ അത് ആത്മഹത്യാപരമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തകരുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. നിലവില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമീഹം മുസ്ലിം സമുദായവുമായി മികച്ച ബന്ധത്തിലല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.