തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റത്തില്‍ കെ സുധാകരനെ പിന്തുണച്ച് നേതാക്കള്‍. കെപിസിസി അധ്യക്ഷ മാറ്റത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്തകള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവും ഇല്ലെന്നും വി ഡി സതീശന് പറഞ്ഞു.
ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചിട്ടുള്ള നാളത്തെ യോഗം നിയമസഭാ തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളെ ഇത്തരത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. സംസ്ഥാനത്തെ നേതൃമാറ്റക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. പാര്‍ട്ടി തീരുമാനം അന്തിമമാണ്. നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ മാറേണ്ട സാഹചര്യമില്ലെന്ന് കെ മുരളീധരന് പറഞ്ഞു. സംസ്ഥാനത്ത് സംഘടനാ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. വാര്‍ഡ് തലത്തില്‍ കുടുംബസംഗമങ്ങളെല്ലാം നല്ല നിലയില്‍ രീതിയില്‍ നടക്കുന്നുണ്ട്. നല്ല ജനപങ്കാളിത്തവുമുണ്ട്. ശശി തരൂര്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.