ഇന്നലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 71.16 ശതമാനത്തില്‍ ഒതുങ്ങിയതോടെ ഏതെങ്കിലും ചേരിക്കനുകൂലമായി തരംഗമില്ലെന്നു വ്യക്തമായി. ഇതോടെ ഭരണകക്ഷിയായ സിപിഎമ്മിനെയും ഇടതുമുന്നണിയെയും സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ അല്‍പ്പം പോലും കുറഞ്ഞിട്ടുമില്ല. ബിജെപി നേതാവ് ജാവദേക്കറെ കണ്ടുവെന്ന് വോട്ടെടുപ്പിന്റെ അന്നുരാവിലെ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിലാക്കാന്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് കഴിഞ്ഞെങ്കിലും അത് വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും. എന്നാല്‍ ഇനിയെങ്ങനെ പഴയ പോലെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപി വിരോധം പറയുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് 77.84% ആയിരുന്നു. ഏതാണ്ട് ആറ് ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ സംഭവിച്ചത്. ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. എങ്ങനെയാണ് പോളിംഗ് ശതമാനം കുറഞ്ഞതെന്ന കാര്യത്തില്‍ ഒരു എത്തുംപിടിയും യുഡിഎഫിനിപ്പോള്‍ ഇല്ല. പോളിംഗ് ശതമാനം 70 അല്ലങ്കില്‍ 70 നു താഴെയോ പോയാല്‍ സാധാരണഗതിയില്‍ അത് യുഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നാണ് പറയാറുളളത്. അവിടെയാണ് ഇടതുമുന്നണിയുടെ സര്‍വ്വ പ്രതീക്ഷകളും. എന്നാല്‍ യുഡിഎഫ് ആകട്ടെ പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവികാരം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ്. തങ്ങള്‍ക്ക് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്തൊട്ടാകെ ഉണ്ടായെന്നാണ് യുഡിഫിന്റെ കണക്കുകൂട്ടല്‍. എസ്ഡിപിഐ വോട്ടുകള്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് കിട്ടിയതായി അവര്‍ സമ്മതിക്കുന്നുണ്ട്. അക്കണക്കിൽ ഒരോ ജില്ലയിലും 15000-20000 വോട്ടുകള്‍ അധികമായി യുഡിഎഫിന്റെ പെട്ടിയില്‍ വീഴുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. അത് തങ്ങള്‍ക്ക് വലിയതോതില്‍ ഗുണകരമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
എന്നാല്‍ ഇടതുമുന്നണിയാകട്ടെ ആറ് സീറ്റുകള്‍ ഉറപ്പിച്ച മട്ടിലാണ്. ആറ്റിങ്ങൽ , മാവേലിക്കര, ആലത്തൂര്‍, പാലക്കാട്, വടകര, കണ്ണൂര്‍ സീറ്റുകളില്‍ ഇത്തവണ അട്ടിമറി നടക്കുമെന്ന് തന്നെയാണ് പോളിംഗ് ശതമാനം വിശകലനം ചെയ്തുകൊണ്ട് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത്. കണ്ണൂരില്‍ ജയിക്കുമെന്ന് വളരെ ആത്മവിശ്വാസത്തോടെയാണ് സിപിഎം പറയുന്നതെങ്കിലും യുഡിഎഫ് നേതൃത്വം തങ്ങളുടെ ഉറച്ച സീറ്റായാണ് കണ്ണൂരിനെ കാണുന്നത്. ആലത്തൂരും ആറ്റിങ്ങലും ചിലപ്പോള്‍ മാവേലിക്കരയും തങ്ങളെ കൈവിട്ടേക്കാമെന്നും മറ്റൊരു സീറ്റിലും പ്രശ്നമില്ലെന്നുമാണ് യുഡിഎഫ് വിദഗ്ധര്‍ പറയുന്നത്. 17-3 എന്ന നിലയില്‍ യുഡിഎഫ് വിജയം നേടുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. പിണറായിക്കെതിരായ ജനവികാരം പ്രതീക്ഷിച്ചതുപോലെ വോട്ടായി തീര്‍ന്നിട്ടുണ്ടെങ്കില്‍ 20 ല്‍ 20ഉം നേടാമെന്നും അവര്‍ കണക്കുകൂട്ടുന്നു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ 5 സീറ്റും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി മൂന്നോ നാലോ സീറ്റും ലഭിച്ചാല്‍ ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ ചിഹ്നവും അഖിലേന്ത്യാ ആസ്ഥാനവും നഷ്ടപ്പെടുമോ എന്ന ഭയമാണ് അവര്‍ക്ക്. വോട്ടിംഗിലെ ആറുശതമാനം ഇടിവില്‍ ആണ് ശരിക്കും സിപിഎമ്മിന്റെ പ്രതീക്ഷകളെല്ലാം കുടികൊള്ളുന്നതെന്നുപറഞ്ഞാലും തെറ്റാകില്ല. കഴിഞ്ഞ തവണത്തേതില്‍ നിന്നും പത്ത് ശതമാനം വോട്ടുവരെ കുറഞ്ഞ മണ്ഡലങ്ങള്‍ ഉണ്ടെന്നതും സിപിഎമ്മിന് ആശ കൊടുക്കുന്നു. അതുകൊണ്ട് ഏത് മണ്ഡലത്തില്‍ അട്ടിമറി നടന്നാലും അത്ഭുതപ്പെടാനില്ലന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ചാലക്കുടി പോലുള്ള മണ്ഡലത്തില്‍ 2019ല്‍ 80.51ശതമാനമായിരുന്നു പോളിംഗ്, ഇത്തവണ അത് 71.68 ശതമാനമായി കുറഞ്ഞു. ഇത്രയും കുറവ് യുഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചില്ല. വടകരയിലും കോഴിക്കോടും കഴിഞ്ഞ തവണത്തേക്കാൾ ഏതാണ്ട് 9 ശതമാനത്തിനടുത്താണ് പോളിംഗില്‍ വന്ന കുറവ്. പത്തനംതിട്ടയില്‍ കഴിഞ്ഞ തവണ 74.3 ശതമാനം പേർ വോട്ട്ചെയ്തിരുന്നുവെങ്കില് ഇത്തവണ അത് 63.35 ശതമാനമായി കുറഞ്ഞു. യുഡിഎഫിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലത്തിലാണ് 11 ശതമാനത്തിനടുത്തു വോട്ടിംഗില്‍ കുറവുണ്ടായിരിക്കുന്നത്.
മാവേലിക്കരയിലും ഇടുക്കിയിലുമൊക്കെ ഇത്തരത്തില്‍ പത്ത് ശതമാനത്തിന്റെ കുറവുണ്ടായി. യുഡിഎഫ് അനായാസ വിജയം പ്രതീക്ഷിച്ചിരിക്കുന്ന മണ്ഡലങ്ങളാണ് ഇവയൊക്കെ. അതേ സമയം തൃശൂരില്‍ കേവലം 5 ശതമാനത്തിന്റെ വ്യത്യാസമേയുള്ളുവെന്നത് യുഡിഎഫിന് ആശ്വാസം പകരുന്നുമുണ്ട്. തിരുവനന്തപുരത്തും ആറ്റിങ്ങലുമെല്ലാം 5 ശതമാനത്തിന്റെ കുറവുണ്ടായി. യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കു്ന്ന രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന വയനാട്ടിലും, എറണാകുളത്തും യഥാക്രമം എട്ടും ഒമ്പതും ശതമാനം കുറവാണ് പോളിംഗില്‍ രേഖപ്പെടുത്തിയത്. യുഡിഎഫിന്റെ മറ്റൊരു കോട്ടയായ കോട്ടയത്തും പത്ത് ശതമാനത്തിനടുത്തു പോളിംഗില്‍ കുറവുണ്ടായി. പോളിങ് ശതമാനത്തിലെ കുറവ് ആരെ തുണക്കുമെന്ന് ഇരുമുന്നണികള്‍ക്കും പറയാന്‍ കഴിയുന്നില്ല എന്നതാണ് ഇതിലെ പ്രധാന വിരോധാഭാസം. തൃശുരില്‍ എന്ത് സംഭവിക്കുമെന്ന്് ബിജെപിക്കും ഉറപ്പിച്ച് പറയാന്‍ കഴിയുന്നില്ല. രാഷ്ട്രീയപാര്‍ട്ടികളുടെയും മുന്നണികളുടെയും കണക്കുകൂട്ടലുകളെ ജനങ്ങള്‍ തെറ്റിച്ചുവെന്നാണ് ഈ തെരെഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്