

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. മൂന്ന് മേഖലാജാഥകളുടെ വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്രസർക്കാരിനെതിരെ നടത്തേണ്ട പ്രക്ഷോഭ പരിപാടികളും ചർച്ചയ്ക്ക് വരുന്നുണ്ട്. സീറ്റ് വിഭജനത്തിനായി ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുന്നത് യോഗത്തിൽ തീരുമാനിക്കും.
ചില സീറ്റുകൾ വെച്ച് മാറുന്നതിനെ കുറിച്ചുള്ള ആലോചനകൾ സജീവമാണ്. ആന്റണി രാജു മത്സരിക്കാൻ വിലക്ക് നേരിടുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും. പറവൂർ, പെരുമ്പാവൂർ സീറ്റുകൾ പരസ്പരം വെച്ച് മാറുന്നതിനെ കുറിച്ചുള്ള ആലോചനകൾ സിപിഎമ്മിലും സിപിഐയിലും സജീവമാണ്. ഉഭയകക്ഷി ചർച്ചകൾ വേഗത്തിൽ പൂർത്തീകരിച്ച് സ്ഥാനാർഥിനിർണയത്തിലേക്ക് കടക്കാനാണ് മുന്നണിയിലെ ഘടകകക്ഷികളുടെ തീരുമാനം.