തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ ഫെബ്രുവരി എട്ടിന് ഡൽഹിയിൽ നടത്തുന്ന സമരത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ക്ഷണം. സ്റ്റാലിനെ ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി.
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് ഫെബ്രുവരി എട്ടിന് രാവിലെ 11 ന് പ്രതിഷേധ ജാഥ ആയിട്ടാണ് ജനപ്രതിനിധികൾ ജന്തർമന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരും സമരത്തിൽ പങ്കെടുക്കും. സമരത്തിലേക്ക് യുഡിഎഫിനെ ക്ഷണിച്ചിരുന്നെങ്കിലും അവര് തള്ളിയിരുന്നു.
ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന യൂണിയൻ സർക്കാരിന്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിൻ പറഞ്ഞു. കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിശദാംശങ്ങൾ സ്റ്റാലിനെ മന്ത്രി പി.രാജീവ് ധരിപ്പിച്ചു. കൂടിക്കാഴ്ചയിൽ തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും പങ്കെടുത്തു.