തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജൻ പങ്കെടുക്കില്ല. കോഴിക്കോട് ഇന്ന് സെമിനാർ നടക്കുമ്പോൾ ഇ.പി. ജയരാജൻ തിരുവനന്തപുരത്ത് ആയിരിക്കും.
ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാന പരിപാടിയിൽ ഇ.പി. ജയരാജൻ ഇന്ന് പങ്കെടുക്കും. എം.വി. ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായ ശേഷം നേതൃത്വവുമായി ഇ.പി രസത്തിലല്ല. ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇ.പി വിട്ടുനില്‍ക്കുകയാണ്. അതേസമയം, സിപിഐ നേതൃത്വവും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ചേരുന്നതിനാലാണ് പങ്കെടുക്കാത്തതെന്നാണ് സിപിഐയുടെ വിശദീകരണമെങ്കിലും സെമിനാറിനോടുള്ള എതിർപ്പും മുസ്ലിം ലീഗിനെ ക്ഷണിച്ചതിലെ അതൃപ്തിയുമാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് കാരണമെന്ന് വ്യക്തമാണ്.