തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കന്പനിക്കെതിരായ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. കാര്യം പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഇ.പി പറഞ്ഞു.
എകെജി സെന്ററില്‍വച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇ.പി. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ആദായ നികുതി ബോര്‍ഡ് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം വീണയുടെ കന്പനിയായ എക്സാലോജിക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. കോർപ്പറേറ്റ്കാര്യ മന്ത്രാലയം ഇറക്കിയ ഉത്തരവിൽ എക്സാലോജിക്കിനെ പറ്റി കടുത്ത വിമർശനമാണുള്ളത്. കന്പനി നിരവധി നിയമലംഘനങ്ങൾ നടത്തിയെന്ന് ഉത്തരവിലുണ്ട്. മാത്രമല്ല കരിമണല്‍ കമ്പനിയായ സിഎംആര്എലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.