കണ്ണൂര്‍: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് കെ.സുധാകരൻ. ഗൾഫിൽ വച്ചുള്ള ചർച്ചയിൽ ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും പങ്കെടുത്തു. ഗൾഫിൽ വെച്ചാണ് ഇ.പി ബി.ജെ. പിയുമായി ചർച്ച നടത്തിയത്. എന്നാൽ സി.പി.എം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ.പി പിൻവലിഞ്ഞെന്നും സുധാകരന് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ.പി ബിജെപിയിലേക്ക് പോകുമെന്നും മഹാരാഷ്ട്ര ഗവർണർ പദവി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.’പാർട്ടിയിൽ ഇ.പി ജയരാജൻ അസ്വസ്ഥനാണ്. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതില്‍ ഇ.പിക്ക് നിരാശയുണ്ട്.സെക്രട്ടറി പദവി ഇ.പി പ്രതീക്ഷിച്ചിരുന്നു’. കെ.സുധാകരൻ പറഞ്ഞു.മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകുമെന്ന് പറയുന്ന ഇപി ജയരാജന്റെ പ്രസ്താവന വിവരക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനേക്കാൾ വാശിയുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. മുന്നണി സംവിധാനത്തിൽ ഒരു അസ്വസ്ഥതയും മുസ്ലിം ലീഗിനില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. സുധാകരന്റെ രാഷ്ട്രീയ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ചായിരുന്നു ഇടതിന്റെ പ്രചാരണം.സുധാകരന്റെ അടുപ്പക്കാർ ബിജെപിയിൽ പോയത് ഇടതുമുന്നണി ആയുധമാക്കി. എന്നാൽ താനല്ല, തന്റെ പട്ടി പോലും ബിജെപിയിൽ പോകില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. എന്നാൽ വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയിൽ പോകില്ലെന്നുമായിരുന്നു എൽഡിഎഫ് സ്ഥാനാർഥി എംവി ജയരാജന്റെ പ്രതികരണം.