തിരുവനന്തപുരം: എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ തുടർന്ന് ഉയർന്നുവരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സിപിഎമ്മിനെ ബാധിക്കുന്നതല്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എഡിജിപി സിപിഎമ്മിൻ്റെയോ എൽഡിഎഫിൻെയോ പ്രതിനിധിയല്ല. അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥനാണ് . അതിന്റെ പേരിൽ സർക്കാരിനെ ഉലയ്ക്കാമെന്ന് എന്ന് ആരും കരുതേണ്ടെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.പിവി അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങളിൽ ചിലത് ഗൗരവതരമാണെന്നും അതിൽ ചിലത് സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതാണ്. കണ്ടോ എന്നതിലല്ല എന്തിനു കണ്ടു എന്നതാണ് അറിയേണ്ടത്. എഡിജിപിയെ സംരക്ഷിക്കേണ്ട ആവശ്യമില്ല. വീഴ്ചവരുത്തുന്ന എല്ലാവർക്കുമെതിരേയും നടപടി ഉണ്ടാകും. വീഴ്ചവരുത്തിയവരോടുള്ള സർക്കാർ നിലപാട് വ്യക്തമാക്കുന്നതാണ് സുജിത്ത് ദാസിനെതിരായ നടപടി. രാമകൃഷ്ണൻ പറഞ്ഞു. സംഭവത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിക്കാം എന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയം സർക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്. സർക്കാറിനോടാണ് അത് അന്വേഷിക്കേണ്ടത്. പൂരം വിഷയം ഗൗരവമായി അന്വേഷിക്കേണ്ടതാണ്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് പുറത്തുവരണം. കലാപം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിൽ അത്നി നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.