കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് വീണ്ടും ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ചരിത്രം പുതുപ്പള്ളിയിലെ മുന്‍കാല കണക്കുകളില്‍ വ്യക്തമാണ്. ബിജെപി വോട്ട് എങ്ങോട്ടുപോയി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ജെയ്ക് പറഞ്ഞു.
പുതപ്പള്ളി മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടുവരെ ബിജെപിക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ ലഭിച്ച വോട്ട് ബിജെപിക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ അവരുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യസമുണ്ട്. പരമാവധി ഏഴായിരം വോട്ടുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 2021ല്‍ ലഭിച്ച പതിനൊന്നായിരം വോട്ട് പോലും നേടാന്‍ കഴിയാത്ത സ്ഥിതിയാണ്. അത് എങ്ങോട്ടേക്ക് കൊടുത്തു, ഏത് രാഷ്ട്രീയത്തിന്റെ ഭാഗമായി അത്തരം ഒരു കുറവ് സംഭവിച്ചു എന്നുളളത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വോട്ടര്‍മാരുടെയും പുതുപ്പള്ളിക്കാരുടെയും പ്രതികരണം സൂചിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനാണെന്നും ജെയ്ക് പറഞ്ഞു.