മഴ തോര്‍ന്നിട്ടും മരം പെയ്യുന്നത് പോലെയാണ് വടകരയിലെ കാര്യങ്ങൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പ്രചാരണരംഗത്തുണ്ടായ ഏറ്റുമുട്ടലുകള്‍ അവസാനിക്കുന്നില്ല. ഇടതു സ്ഥാനാര്‍ത്ഥി കെകെ ശൈലജക്കെതിരെ കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചുവെന്നാരോപിക്കുന്ന അശ്ളീല ക്ളിപ്പിംഗ് മുതല്‍ അവരെ ‘കാഫിര്‍’ ആയി അവതരിപ്പിച്ചുവെന്നുവരെയുള്ള ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നുകളിക്കുകയാണ്. മുസ്ളീം വര്‍ഗീയത ഉപയോഗിച്ചാണ് ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്കുമെന്നും സിപിഎം നേതാക്കള്‍ പറയുന്നു. യുഡിഎഫ് ആകട്ടെ കെകെ ശൈലജയും സിപിഎമ്മുമാണ് വടകരയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതെന്നും ഷാഫിയുടെ മതേതര പ്രതിഛായ കളങ്കപ്പെടുത്താൻ ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്നും ആരോപിക്കുന്നു.
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും അവിടുത്തെ 35 ശതമാനത്തോളമുള്ള മുസ്ളീം വിഭാഗത്തിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ വോട്ടിംഗില്‍ പ്രതിഫലിച്ചേക്കാമെന്നും നിക്ഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഷാഫിയുടെ സ്ഥാനാര്‍ത്ഥിത്വം മുസ്ളീം ലീഗിന്റെയും മറ്റു മുസ്ളീം സംഘടനകളുടെയും അണികളില്‍ വലിയ ആവേശമുണ്ടാക്കിയെന്നത് നേരാണ്. അതേസമയം മുസ്ളീം ഇതര വിഭാഗങ്ങള്‍ക്കിടയിലും ഷാഫിയുടെ വരവ് ചലനമുണ്ടാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
കെകെ ശൈലജ എന്നത് സിപിഎമ്മിന് വടകരയിൽ കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണ്. കെ മുരളീധരനായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് കരുതിയാണ് ശൈലജയെ സിപിഎം രംഗത്തിറക്കിയത്. മുരളീധരനെതിരെ അവർ മികച്ച സ്ഥാനാര്‍ത്ഥി തന്നെയായിരുന്നുവെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും പോലും തര്‍ക്കമുണ്ടായിരുന്നില്ല. പക്ഷെ കെ മുരളീധരനെതിരെ സിപിഎം ശേഖരിച്ച ആയുധങ്ങളെല്ലാം ഷാഫി സ്ഥാനാര്‍ത്ഥിയായെത്തിയപ്പോള്‍ നിഷപ്രഭമായിപ്പോയെന്നതാണ് വാസ്തവം. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കൊഴുകുന്നത്, കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വം തുടങ്ങിയ ആരോപണങ്ങളെ അതിശക്തമായി വടകരയില്‍ ഉന്നയിക്കാനാണ് സിപിഎം തീരുമാനിച്ചിരുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു സിപിഎം നീക്കം. പത്മജാ വേണുഗോപാല്‍ ബിജെപിയിലെത്തുമെന്ന സൂചനയും സിപിഎമ്മിന് നേരത്തെ ലഭിച്ചിരുന്നു. ഇതെല്ലാം കൂട്ടിച്ചേര്ത്തുവച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി മുരളീധരനെന്ന പ്രതീക്ഷയിൽ പ്രചണ്ഡമായ പ്രചാരണമാണ് സിപിഎം ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ അപ്രതീക്ഷിതമായി ഷാഫി പറമ്പില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ ഈ ആയുധങ്ങളൊക്കെ നനഞ്ഞ പടക്കം പോലെയായി. ഇതാണ് സിപിഎം കേന്ദ്രങ്ങളെ രോഷാകുലരാക്കിയതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അറിയാൻ കഴിയുന്നത്. മുരളിയെ തൃശൂര്‍ക്ക് മാറ്റിയതും ഷാഫിയെ പകരം വടകരയില്‍ ഇറക്കിയതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കമായിരുന്നു. ഇതോടെയാണ് വടകരയിലെ തെരഞ്ഞെടുപ്പിന്റെ രസതന്ത്രം മാറിയത്. മുസ്ളീം വിഭാഗത്തിന്റെ ഏകീകരണം ഇടതു സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഉണ്ടാകുമെന്ന സിപിഎമ്മിന്റെ പ്രതീക്ഷ താളം തെറ്റിയതോടെ മുമ്പെങ്ങുമില്ലാത്ത തലത്തിലേക്ക് പ്രചാരണം മാറുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ളീം വര്‍ഗീയത ഉപയോഗിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം പരസ്യമായി ആരോപിച്ചു തുടങ്ങി. ഷാഫിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍നിരയില്‍ മുസ്ളീംലീഗായിരുന്നു. പലയിടത്തും ലീഗിന്റെ നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കാള്‍ ആവേശത്തില്‍ ഷാഫിക്ക് വേണ്ടി ജനമധ്യത്തില്‍ ഇറങ്ങിയതും. ഇടതുമുന്നണിയാകട്ടെ ലീഗിന്റെ ഈ അത്യാവേശത്തെ തങ്ങള്‍ക്ക് അനുകൂലമായ ധ്രുവീകരണമാക്കാന്‍ ശ്രമിച്ചു. അങ്ങിനെ കെകെ ശൈലജ ഹിന്ദു സ്ഥാനാര്‍ത്ഥിയും ഷാഫി പറമ്പില്‍ മുസ്ളീം സ്ഥാനാര്‍ത്ഥിയും എന്ന അനാരോഗ്യകരമായ തലത്തിലേക്ക് വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം വഴിമാറി.
ഇത്തരത്തിലുള്ള പ്രചാരണങ്ങളില്‍ നിന്നും പിന്മാറാന് രണ്ടു മുന്നണികളും ശ്രമിച്ചില്ല എന്നതാണ് യഥാര്‍ത്ഥ്യം. ഭരണകക്ഷിയും പ്രതിപക്ഷവും തങ്ങളുടെ മുയലുകളുടെ കൊമ്പില്‍ തന്നെ പിടിച്ചുതൂങ്ങിക്കിടന്നു. രാഷ്ട്രീയമായി നീങ്ങേണ്ട തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമത്തിന് ഇരുമുന്നണികളും ഉത്തരവാദികളാണ്. ഇത്തരത്തില്‍ പ്രചാരണം വഴിമാറിയപ്പോള്‍ തന്നെ നേതൃത്വം ഇടപെടേണ്ടതുമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതുമുണ്ടായില്ല. കേരളത്തിന്റെ വരും കാല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് മോശം മാതൃകയായി വടകര മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സിപിഎമ്മും കോണ്‍ഗ്രസും മുസ്ളീം ലീഗും കുറെക്കൂടി അവധാനത ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഇരുമുന്നണികളും തീ കൊണ്ടു കളിക്കുകയായിരുന്നു.