ചെങ്ങന്നൂർ : കക്ഷികളെ തട്ടിയെടുക്കുന്നതുൾപ്പടെയുള്ള പ്രശ്നത്തെത്തുടർന്ന് ചെങ്ങന്നൂരില്‍ അഭിഭാഷകന് മറ്റൊരു അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. രാഹുല്‍ കുമാര്‍ എന്ന അഭിഭാഷകനാണ് കുത്തേറ്റത്. പരിക്കേറ്റ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി.അശോക് അമാന്ജി എന്ന അഭിഭാഷകനാണ് ആക്രമണം നടത്തിയത്
വിശ്വഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറിയും ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനുമാണ് കേസിൽ അറസ്റ്റിലായ അശോക്. എൽഎൽബി പഠനം പൂർത്തിയാക്കി ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിൽ പരിശീലനം നടത്തുന്ന പുലിയൂർ പേരിശ്ശേരി കളീക്കൽ വടക്കേതിൽ രാഹുൽ കുമാർ (28) നാണ് കുത്തേറ്റത്. രാഹുലും ആർഎസ്എസ് പ്രവർത്തകനാണ് .
ശനി രാത്രി 9 മണിയോടെ എം സി റോഡിൽ ചെങ്ങന്നൂർ ഗവ. ഐടിഐ ജംഗ്ഷന് സമീപം ആര്യാസ് ഹോട്ടലിന് മുൻപിലാണ് ആക്രമണം നടന്നത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം എം സി റോഡിരികിലുള്ള കടയിൽ നിന്നും സാധനം വാങ്ങുന്നതിനിടയിലാണ് രാഹുലിനെ കത്തി കൊണ്ട് ആക്രമിച്ചതെന്ന് പറയുന്നു. വനിത അഭിഭാഷകരോട് അശോക് അമ്മാഞ്ചി അപമര്യാദയായി പെരുമാറിയതു രാഹുൽ ചോദ്യം ചെയ്താണ് പ്രകോപനത്തിനു കാരണമെന്നാണ് സൂചന.
വലതു നെഞ്ചിലും വയറിൻ്റെ ഇടതുഭാഗത്തും ഗുരുതരമായി കുത്തേറ്റ രാഹുലിനെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും തുടർന്ന് കല്ലിശ്ശേരി കെ.എം ചെറിയാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുടലിൽ മുറിവേറ്റതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.