കേന്ദ്രസര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറി, ഡെപ്യുട്ടി സെക്രട്ടറി, ഡയറക്ടര്‍ തസ്തികകളിലേക്ക് ലേറ്ററല്‍ എന്‍ട്രി അടിസ്ഥാനത്തില്‍ വിദഗ്ധരായവരെ നിയമിക്കാന്‍ വേണ്ടി യുപിഎസ്സി ക്ഷണിച്ച അപേക്ഷകള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് ബിജെപിക്ക് രാഷ്ട്രീയപരമായും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തിപരമായും വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. സാധാരണഗതിയില്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ മിഡില്‍- സീനിയര്‍ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തിരുന്ന തസ്തികകളാണ് ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവയൊക്കെ. എന്നാല്‍ 2018 മുതല്‍ സ്വകാര്യമേഖലയില്‍ നിന്നും വൈദഗ്ധ്യമുള്ളവരെ ലേറ്ററല്‍ എന്‍ട്രി എന്ന നിലയില്‍ ഇത്തരം തസ്കികളിലേക്ക് നിയോഗിച്ചു തുടങ്ങി. ഒരോ മേഖലയിലും വിദഗ്ധരായവരുടെ സേവനം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. അഞ്ച് വര്‍ഷം പത്തുവര്‍ഷംവരെ കാലയളവിലാണ് ഇവരെ നിയമിച്ചിരുന്നതും.
ഇത്തവണയും കേന്ദ്ര ബ്യുറോക്രസിയിലെ ലേറ്ററല്‍ എന്‍ട്രിക്കായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് യുപിഎസ് സി പരസ്യങ്ങള്‍ വന്നപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തുവന്നു. പിന്‍വാതിലിലൂടെ ആര്‍എസ്എസുകാരെ ബ്യുറോക്രസിയുടെ തലപ്പത്ത് എത്തിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. സംവരണ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമാണെന്ന രാഹുലിന്റെ ആരോപണം ബിജെപി മുന്നണിക്കുള്ളില്‍ തന്നെ വലിയ പ്രശ്നങ്ങളുണ്ടാക്കി. എന്‍ഡിഎ സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡും, ചിരാഗ് പസ്വാന്റെ എല്ജിപെയും ഈ നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് ബിജെപി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതോടെ സര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതായി. അതോടെ ലേറ്റരല് എന്‍ട്രിയില്‍ ഉദ്യോഗസ്ഥന്‍മ്മാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം യുപിഎസ് സി പിന്‍വലിച്ചു.
ആര്‍എസ്എസുകാരെ പിന്‍വാതിലിലൂടെ കയറ്റുവെന്നതിനെക്കാള് സംവരണത്തെ അട്ടിമറിക്കാന്‍ പോകുന്നുവെന്ന രാഹുലിന്റെ ആരോപണമാണ് ബിജെപിയെ അങ്കലാപ്പിലാക്കിയത്. ഹരിയാനയിലും ജമ്മുകാശ്മീരിലും നിയമസഭാ തെരെഞ്ഞെടുപ്പ് ഉടന്‍ നടക്കുകയാണ്. ഒക്ടോബര്‍ -നവംബറില്‍ മഹാരാഷ്ട്രയിലും തെരെഞ്ഞെടുപ്പ് നടക്കും. ഇവിടെയൊക്കെ ബിജെപിയെ സംബന്ധിച്ചിടത്തോളം ജീവന്മ്മരണ പോരാട്ടങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഒബിസി – ദളിത് വോട്ടുകള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞതാണ് കേവല ഭൂരിപക്ഷം നഷ്ടപ്പെടാന്‍ കാരണമെന്ന് ബിജെപിക്ക് നന്നായി അറിയാം. ബിജെപിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടിയില് ഭരണഘടന മാറ്റിയെഴുതുമെന്നും അതിലൂടെ സംവരണം ഇല്ലാതാക്കപ്പെടുമെന്നുമുള്ള പ്രചാരണം ഉത്തരേന്ത്യയില്‍ ജനങ്ങളെ വലിയതോതില്‍ സ്വാധീനിച്ചിരുന്നു. അതുകൊണ്ട് സംവരണത്തില്‍ തൊട്ടുള്ള ഏതുകളിയും തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബിജെപിക്ക് നന്നായി അറിയാം.
ഇതോടെയാണ് ലേറ്ററല്‍ എന്‍ട്രി പരസ്യം എല്ലാ മാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ടു. ഇതേ തുടര്‍ന്ന് കേന്ദ്ര പേഴ്സണല്‍ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പരസ്യം പിന്‍വലിക്കാന്‍ യുപിഎസ് സി ചെയര്‍പേഴ്സണ്‍ പ്രീതി സുദന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സംവരണക്വാട്ട അനുസരിച്ചുകൊണ്ട് മാത്രമേ ഇനി ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കൂ എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കുകയും ചെയ്തു.പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെയും ഇന്ത്യാ സഖ്യത്തെയും സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയവിജയം തന്നെയായിരുന്നു ഇത്. സംവരണക്വാട്ടാ അട്ടിമറിക്കുന്നതിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ത്യമുഴുന് പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിക്കുയും, എന്‍ഡിഎ ഘടകക്ഷി നേതാക്കളായ നീതീഷ് കുമാറും ചിരാഗ് പസ്വാനും അതേറ്റുപിടിക്കുകയും കൂടി ചെയ്തപ്പോള്‍ മോദിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ലായിരുന്നു. ബിഎസ്പി. ഡിഎംകെ എന്നിവരും സര്‍ക്കാരിന്റെ തിരുമാനത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്തുവന്നതോടെ പ്രധാനമന്ത്രിയും സര്‍ക്കാരും പത്തിമടക്കി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വീണ്ടും സംവരണം ചര്‍ച്ചാ വിഷയമാകുന്നതിന്റെ അപകടം മണത്ത നരേന്ദ്രമോദി തന്ത്രപൂര്‍വ്വം പിന്മാറുകയായിരുന്നു. സംവരണം ഉപയോഗിച്ച് രാഹുലും ഇന്ത്യാ മുന്നണിയും ഇനി നേട്ടം കൊയ്യരുതെന്ന താല്പര്യവും പിന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചു. ഇനി വരും ദിവസങ്ങളിലും മൂന്നാം എന്‍ഡിഎ സര്‍ക്കാരിന് ഒരോ വിഷയത്തിലും ചെക്കുവച്ചുപോകണമെന്ന് ഇന്ത്യമുന്നണി തിരുമാനിച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെ മോദിയും ബിജെപിയും വളരെ ശ്രദ്ധയോടെയാണ് നീങ്ങുന്നതും.