ബംഗളൂരു : കർണാടകയിലെ അവസാനത്തെ മാവോയിസ്റ്റായി കണക്കാക്കപ്പെടുന്ന ലക്ഷ്മി ഞായറാഴ്ച ഉഡുപ്പിയിൽ കീഴടങ്ങി. ഉഡുപ്പി ഡെപ്യുട്ടി കമ്മീഷണർ വിദ്യ കുമാരി, എസ്പി കെ. അരുൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കീഴടങ്ങിയത്.
ആന്ധ്രാപ്രദേശിൽ കീഴടങ്ങിയ മാവോയിസ്റ്റുകളായ ശ്രീപൽ, ഭർത്താവ് സലിം എന്നിവർക്കൊപ്പമാണ് ലക്ഷ്മി കീഴടങ്ങാൻ എത്തിയത്. ആന്ധ്രായിൽ ഒളിവിലായിരുന്ന മാവോയിസ്റ്റ് ലക്ഷ്മിയുടെ പേരിൽ ഉഡുപ്പിയിലെ കുണ്ടപുർ താലൂക്കിൽ അമേസ്ബൈൽ, ശങ്കരനാരായണ പോലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണുള്ളത്.
2007 മുതൽ 2008 വരെ രജിസ്റ്റർ ചെയ്ത കേസുകളിൽ പോലീസുമായുള്ള വെടിവയ്പ്, ആക്രമണം, മാവോയിസത്തിലേക്ക് ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് തുടങ്ങിയ കേസുകളാണ് ഉള്ളത്.
കീഴടങ്ങൽ പാക്കേജ് പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലക്ഷ്മി നന്ദി അറിയിച്ചു. തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസുകളിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.