ന്യൂഡല്‍ഹി : ഈ മാസം 27 വരെയുള്ള കണക്കുകള്‍ പ്രകാരം 5 കോടി ആളുകള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഐടിആര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പ്രകാരം ഏകദേശം രണ്ടര കോടി ആളുകള്‍ വേരിഫിക്കേഷന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.ഈ മാസം 31നാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി. ഇത് നീട്ടില്ലെന്ന് ഉറപ്പായതോടെയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തിരക്ക് വര്‍ധിച്ചത്. നടപ്പ് സാമ്പത്തികവര്‍ഷത്തെ കണക്ക് നോക്കിയാല്‍ റെക്കോര്‍ഡ് വേഗത്തിലാണ് ആളുകള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ ഭൂരിഭാഗവും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.14 കോടി റിട്ടേണാണ് മഹാരാഷ്ട്രയില്‍ ഫയല്‍ ചെയ്തത്. 74 ലക്ഷം റിട്ടേണുകള്‍ ഗുജറാത്തില്‍ നിന്നുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.