ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോര്‍ ട്രെയിൻ അപകടത്തിനു കാരണം സിഗ്നലിംഗിലെ പിഴവെന്ന് റെയിൽവേ. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോണ്‍ഗ്രസ് എംപി മുകുള്‍ വാസ്നിക്, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്, ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരുടെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മറുപടി നല്‍കിയത്.
സ്റ്റേഷനിലെ നോര്‍ത്ത് സിഗ്നല്‍ ഗൂംടിയില്‍ നേരത്തേ നടത്തിയ സിഗ്നലിങ് സര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും സ്റ്റേഷനിലെ ലെവല്‍ ക്രോസിങ് ഗേറ്റ് നമ്പര്‍ 94ല്‍ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയര്‍ മാറ്റവുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലികള്‍ നടപ്പാക്കിയതിലെ പിഴവുമാണ് ട്രെയിന്‍ ഇടിച്ചുകയറാന്‍ കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ പിഴവുകള്‍ കോറമാണ്ഡല്‍ എക്സ്പ്രസിന് തെറ്റായ ലൈനില്‍ ഗ്രീൻ സിഗ്നല്‍ ലഭിക്കാന്‍ കാരണമായെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ചയും ശ്രദ്ധക്കുറവും ഉണ്ടായെന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി മറുപടിയിൽ അറിയിച്ചു. അപകട കാരണം വിശദമാക്കുന്ന റിപ്പോര്‍ട്ട് ആദ്യമായാണ് റെയില്‍വേ മന്ത്രാലയം പുറത്തുവിടുന്നത്.
അതേസമയം, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംഭവിച്ച സിഗ്നല്‍ തകരാറുകള്‍ സംബന്ധിച്ച വിശദാംശങ്ങൾ ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല. തകരാറുകള്‍ ഉണ്ടായിരുന്നെങ്കിലും ബാലസോറില്‍ സംഭവിച്ചതുപോലെ ഗുരുതരമായിരുന്നില്ലെന്നു മാത്രമാണ് മന്ത്രാലയം വ്യക്തമാക്കിയത്. ബാലസോര്‍ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്നു റെയില്‍വേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഇപ്പോഴും തുടരുകയാണ്.
ദുരന്തത്തില്‍ 295 പേര്‍ക്ക് ജീവന് നഷ്ടമായതായും 176 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. 451 പേര്‍ക്ക് നിസാരപരിക്കുകളേറ്റതായും 180 പേര്‍ക്ക് പ്രഥമശ്രുശൂഷ നല്കി വിട്ടയച്ചതായും മന്ത്രാലയം വ്യക്തമാക്കി.ദുരന്തത്തില്‍ മരിച്ച 41 പേരെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സമാനമായി ഉണ്ടായ സിഗ്നലിംഗിലെ പാളിച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടെങ്കിലും നല്കാന് റെയില്‍വേ മന്ത്രാലയം തയാറായില്ല.