ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ആറ് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇരുപതോളം പേരെ കാണാതായിട്ടുണ്ട്. പ്രദേശത്തെ നിരവധി വീടുകളും 25 മീറ്ററോളം റോഡും ഒലിച്ചുപോയി.
ചമോലി ജില്ലയിലെ ദേവ്ചൗലിയിൽ, വീട് തകർന്നതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം മുതൽ ഒരു സ്ത്രീയെയും കുട്ടിയെയും കാണാതായി. സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തുണ്ട്.ഹരിദ്വാറിലെ ഖർഖാരി പ്രദേശത്തെ സുഖി നദീതടത്തിൽ പാർക്ക് ചെയ്തിരുന്ന ഒരു ഡസനോളം വാഹനങ്ങൾ കനത്ത മഴയിൽ ഒലിച്ചുപോയി.കേദാര്‍നാഥ് യാത്രയുടെ പാതയിലുളള ഭിംബാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഭീംബാലിയിൽ ഇരുന്നൂറോളം തീർഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.
പൊലീസും എന്‍ഡിആര്‍എഫും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പ്രദേശത്തുനിന്ന് അധികൃതർ ആളുകളെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഒറ്റപ്പെട്ട തീർഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്ത നിവാരണ സെക്രട്ടറിയുമായി സംസാരിക്കുകയും ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.അതേസമയം, ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘവിസ്ഫോടനത്തെ തുടർന്ന് നിരവധി നാശനഷ്ടങ്ങളുണ്ടായി. ഷിംലയിലെ സമേജ് ഖഡിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. നിരവധി വീടുകൾ തകർന്നു. കുളു, സോളൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.