റാഞ്ചി: ഭൂമി തട്ടിപ്പു കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജനുവരി 31നാണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇ.ഡി നടപടിയ്ക്കെതിരെ ഇപ്പോഴും പ്രതിപക്ഷ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേ ലഭിച്ച ജാമ്യം ഇന്ത്യാ സഖ്യത്തിനു ആശ്വാസം നല്‍കുന്നതാണ്. വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് ഇ.ഡി റജിസ്റ്റർ ചെയ്തിരിക്കുന്നത്.