ന്യൂഡല്‍ഹി: ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ക്കും ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ പതിനാറിന് കേസ് വീണ്ടും പരിഗണിക്കും.
കേസില്‍ ഇന്ന് ഹാജരാകാന്‍ ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, തേജസ്വി യാദവ് എന്നിവരോട് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മൂവരും കോടതിയില്‍ ഹാജരായി. 2004- 2009 കാലത്ത് ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു പകരമായി ഉദ്യോഗാര്‍ഥികളില്‍നിന്നു ഭൂമിയും വസ്തുക്കളും തുച്ഛ വിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരില്‍ എഴുതി വാങ്ങിയെന്നാണു കേസ്. 2009 മെയ് മാസത്തിലാണ് സിബിഐ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്താതെയാണു നിയമനങ്ങള്‍ നടത്തിയതെന്ന് സിബിഐയും ഇഡിയും കണ്ടെത്തിയിരുന്നു. ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, തേജസ്വി യാദവ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചതായി കഴിഞ്ഞ ദിവസം സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ജൂലൈ മൂന്നിനാണ് ഇവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.