പട്ന : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ‘ഇന്ത്യ’ മുന്നണിയിലെ സീറ്റു വിഭജനം പെട്ടന്നെടുക്കേണ്ട
തീരുമാനമല്ലെന്നും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റു വിഭജനം സംബന്ധിച്ച് ആർജെഡി – ജെഡിയു കക്ഷികൾക്കിടയിൽ ഭിന്നതയുണ്ടോയെന്ന ചോദ്യത്തിൽ നിന്നു ലാലു ഒഴിഞ്ഞുമാറി. സീറ്റു വിഭജനം വൈകുന്നതിൽ ജെഡിയു ദേശീയ അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഇടഞ്ഞു നിൽക്കുകയാണെന്നാണു സൂചനകൾ.
ജെഡിയു 16 സിറ്റിങ് സീറ്റുകളിലും മത്സരിക്കുമെന്ന കടുംപിടിത്തമാണ് ബിഹാറിലെ സീറ്റു വിഭജനം കീറാമുട്ടിയാക്കിയത്. ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.